‘ഇതുവരെ കാണാത്ത വേഷത്തിൽ വടിവേലു, ഞെട്ടിപ്പിക്കുന്ന ലുക്കിൽ ഫഹദ്..’ – മാമന്നന്‍ ട്രെയിലർ പുറത്തിറങ്ങി

കർണൻ എന്ന സൂപ്പർഹിറ്റ് തമിഴ് ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മാമന്നന്റെ ട്രെയിലർ പുറത്തിറങ്ങി. വടിവേലു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്യുന്നത്. റെഡ് ജൈയന്റെ മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് നിർമ്മിച്ചിരിക്കുന്നത്.

സിനിമയുടെ ട്രെയിലർ ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാരി സെൽവരാജിന്റെ കഴിഞ്ഞ സിനിമകൾ പോലെ കൃത്യമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ് ഇത്. ട്രെയിലറിൽ നിന്ന് അത് വ്യക്തമാണ്. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ വടിവേലുവിന്റെ മകന്റെ റോളിലാണ് അഭിനയിക്കുന്നത്. വടിവേലുവിന്റെ കരിയറിൽ തന്നെ ഇങ്ങനെയൊരു വേഷം ചെയ്തിട്ടുണ്ടാവില്ല.

സിനിമയിൽ ടൈറ്റിൽ റോളിൽ തന്നെ വടിവേലു അഭിനയിക്കുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മലയാളികൾ കാത്തിരിക്കാനും കാരണങ്ങൾ ഒരുപാടുണ്ട്. ഫഹദ്, കീർത്തി എന്നിവരെ കൂടാതെ ലാലും വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജൂണിൽ റിലീസ് ചെയ്യുമെന്നാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും തീയതി ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.

എന്നാൽ ട്രെയിലറിൽ അത് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 29-നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. ട്രെയിലറിൽ ഫഹദിന്റെ മാസ്സ് സീനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഇതിന് മുമ്പും ഫഹദ് വില്ലൻ വേഷത്തിൽ അഭിനയിച്ച അവരെ കൈയിലെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫഹദ് ഈ തവണയും തകർക്കുമെന്ന് തന്നെയാണ് മലയാളികൾ പ്രതീക്ഷിക്കുന്നത്. കീർത്തി നായികയായും മികച്ച പ്രകടനമാണ് ട്രെയിലറിൽ കാഴ്ചവച്ചിരിക്കുന്നത്.