ജിം ട്രെയ്നറായ യുവതിയുടെ ബലാത്സംഗ പരാതിയിൽ സിനിമ നടനും ടെലിവിഷൻ താരവുമായ ഷിയാസ് കരീം ചെന്നൈയിൽ പിടിയിലായി. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് പിടിയിലാവുന്നത്. ഗൾഫിൽ നിന്ന് എത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. ഷിയാസിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് തടഞ്ഞുവെച്ചത്.
തുടർന്ന് ചന്തേര പൊലീസിനെ ഉദ്യോഗസ്ഥർ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പൊലീസ് ചെന്നൈയിൽ എത്തിയ ശേഷം ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ചന്തേര പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി കൊടുത്തിരുന്നത്. പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പക്ഷേ ഷിയാസ് നാട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യാനും ആളെ കിട്ടിയില്ല.
ദുബൈയിലായിരുന്ന ഷിയാസ് നാട്ടിൽ വരുന്നത് നോക്കി നിൽക്കുകയായിരുന്നു പൊലീസ്. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്താതെ ഷിയാസ് ചെന്നൈയിൽ എത്തിയിട്ടും രക്ഷയുണ്ടായില്ല. പണം തട്ടിയെടുത്തെന്നും കൈയേറ്റം ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട്. വിവാഹബന്ധം വേർപ്പെടുത്തിയ യുവതിയുമായി പ്രണയത്തിലായി വിവാഹം കഴിക്കാമെന്ന് വാക്ദാനം നൽകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
പല തവണകളായി യുവതിയിൽ നിന്ന് ഷിയാസ് 11 ലക്ഷം കൈപറ്റിയിട്ടുമുണ്ട്. ഷിയാസ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഷിയാസ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താൻ ജയിലിൽ അല്ലല്ലെന്നും ദുബൈയിൽ ആണെന്നും തനിക്ക് എതിരെ വാർത്ത കൊടുത്ത മാധ്യമങ്ങൾക്ക് എതിരെ പ്രതികരിച്ചിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് രംഗത്ത് വരികയും ചെയ്തിരുന്നു ഷിയാസ്.