‘ശോഭനയോട് ബഹുമാനവും ഇഷ്ടവുമുണ്ട്, അവരുടെ നിലപാടിനെ ആണ് വിമർശിച്ചത്..’ – മറുപടിയുമായി ശീതൾ ശ്യാം

‘ഒരാളും ഇനി തന്നെ കാണുമ്പോൾ ശോഭനയെ പോലെയുണ്ടെന്ന് പറയരുത്..’, ഇങ്ങനെയൊരു പോസ്റ്റ് കഴിഞ്ഞ ദിവസം ആക്ടിവിസ്റ്റായ ശീതൾ ശ്യാം ഇടുമ്പോൾ ഒരിക്കലും ഇത്രത്തോളം ട്രോളുകളും വിമർശനവും ഏറ്റുവാങ്ങുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങളിൽ നടി ശോഭന സംസാരിച്ചതാണ് ശീതൾ ഇത്തരമൊരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം. പോസ്റ്റിട്ടതിന് പിന്നാലെ എയറിൽ കയറിയ അവസ്ഥയായിരുന്നു ശീതളിന്റെത്.

ഇപ്പോഴിതാ തന്നെ വിമർശിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ശീതൾ. “ചെറുപ്പം മുതൽ ആരാധിക്കുന്ന നടിയാണ് ശോഭന. ഇന്നും അവരോട് ബഹുമാനവും ഇഷ്ടവുമുണ്ട്. ഒരു വേദിയിൽ നരേന്ദ്ര മോദിയെ പുകഴ്ത്തിയത് കൊണ്ട് മാത്രമാണ് എനിക്ക് അവരോട് വിരുദ്ധ അഭിപ്രായമുണ്ടായത്. ശോഭനയോടോ അവരുടെ കലയോടോ കഴിവിനോടോ ഉള്ള പ്രശ്നമല്ല അത്. അവരുടെ നിലപാടിനോടുള്ള വിയോജിപ്പാണ്.

ഒരു കലാകാരി എന്ന നിലയിൽ ശോഭനയ്ക്ക് നമ്മളോട് ഒരു പ്രതിബദ്ധതയുണ്ട്. ശോഭന എഴുതി നൽകിയത് വായിച്ചതാണെന്ന് ശാരദക്കുട്ടി ടീച്ചർ പറയുന്നത് കേട്ടിരുന്നു. എഴുതി നൽകിയതാണെങ്കിലും നമ്മുക്ക് ഒരു രാഷ്ട്രീയബോധം വേണ്ടേ. അതിനെയാണ് ഞാൻ വിമർശിച്ചത്. പക്ഷേ അതൊരിക്കലും വ്യക്തിപരമല്ല. എന്റെ സുഹൃത്തുക്കൾ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്, നിന്നെ കാണാൻ ശോഭനയെ പോലെയുണ്ടെന്നത്.

അതുകൊണ്ടാണ് ഞാൻ അത്തരത്തിലൊരു പോസ്റ്റ് തന്നെ ഇട്ടത്. അതിനുള്ള അവകാശം എനിക്കുണ്ട്. അതിന് താഴെ എന്റെ ശരീരത്തെയും മരിച്ചുപോയ എന്റെ മാതാപിതാക്കളെയും എന്റെ ജൻഡറിനെയും ഒക്കെയാണ് വിമർശിക്കുന്നത്. ഞാൻ എഴുതിയത് എന്റെ അഭിപ്രായമാണ്. എന്റെ ശരീരത്തെ പറ്റി പറഞ്ഞതുകൊണ്ടോ എന്റെ സമൂഹത്തെ അടച്ചാക്ഷേപിച്ചതുകൊണ്ടോ ഞാൻ തളരില്ല. പറയുന്നവർ പറയട്ടെ..”, ശീതൾ ശ്യാം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.