‘ജീവിതത്തിലെ പുതിയ തുടക്കം! മൂകാംബിക ദേവിയുടെ അനുഗ്രഹത്തിൽ തുടങ്ങി..’ – സന്തോഷം പങ്കുവച്ച് നടി ശാലു മേനോൻ

സിനിമ, സീരിയൽ രംഗത്ത് വർഷങ്ങളായി സജീവമായി നിൽക്കുന്ന ഒരു അഭിനയത്രിയാണ് നടി ശാലു മേനോൻ. കേരളത്തിൽ അറിയപ്പെടുന്ന ഒരു ക്ലാസിക്കൽ നർത്തകി കൂടിയായ ശാലു മേനോൻ ഇതിനോടകം നിരവധി സ്റ്റേജുകളിൽ തന്റെ നൃത്തപരിപാടികൾ നടത്തിയിട്ടുണ്ട്. 1998-ൽ ഇറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോൻ തന്റെ സിനിമ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.

അതിന് ശേഷം നിരവധി സിനിമകളിൽ ശാലു അഭിനയിച്ചു. കവർ സ്റ്റോറി, കാക്കകുയിൽ, വക്കാലത്ത് നാരായണൻകുട്ടി, മകൾക്ക്, കിസാൻ, ഇത് പാതിരാമണൽ എന്നിവയാണ് ശാലു അഭിനയിച്ചതിൽ പ്രധാന സിനിമകൾ. ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്ന പരമ്പരയിലൂടെ ടെലിവിഷൻ സീരിയൽ രംഗത്തും തുടക്കം കുറിച്ചു ശാലു. 23 വർഷമായി സിനിമകളേക്കാൾ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത് ശാലു സീരിയലിലാണ്.

മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന പരമ്പരയിലാണ് ഇപ്പോൾ ശാലു അഭിനയിക്കുന്നത്. അഞ്ച് വർഷമായി ആ സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നർത്തകിയായ ശാലു തന്റെ കലാജീവിതത്തിലെ പുതിയ ഒരു തുടക്കം മൂകാംബിക ക്ഷേത്രത്തിൽ വച്ച് ആരംഭിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “അമ്മേ ദേവി മൂകാംബികേ നമ.. എൻ്റെ പുതിയ പ്രോജക്റ്റ് “നാഗവള്ളി മനോഹരിയുടെ” ജോലികൾ ആരംഭിച്ചു എന്നറിയിക്കുന്നതിൽ വളരെ സന്തോഷമുണ്ട്.

ഞങ്ങളുടെ സ്റ്റേജിൽ ആദ്യമായി ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യയുടെ ഒരു പുതിയ സ്റ്റേജ് അനുഭവം ഇത് നിങ്ങൾക്കെല്ലാവർക്കും നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾ മുമ്പ് നൽകിയതുപോലെ ദയവായി പിന്തുണ നൽകുക..”, ശാലു മേനോൻ കുറിച്ചു. ഇത് കൂടാതെ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും ശാലു മേനോൻ പങ്കുവച്ചിട്ടുണ്ട്. എന്തൊരു സുന്ദരിയാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.