‘ഈ ഗാനം എനിക്കിപ്പോൾ ഏറ്റവും സ്പെഷ്യൽ ആക്കിയതിന് മോഹൻലാൽ സാറിന് നന്ദി..’ – ഡാൻസിനെ പ്രശംസിച്ച് ഷാരൂഖ് ഖാൻ

താൻ നായകനായി അഭിനയിച്ച ജവാൻ എന്ന ചിത്രത്തിലെ ഗാനത്തിന് വനിത ഫിലിം അവാർഡ് നൈറ്റിൽ ചുവടുവച്ച മോഹൻലാലിനെ പ്രശംസിച്ച് ബോളിവുഡിന്റെ സ്വന്തം ‘കിംഗ് ഖാൻ’ ഷാരൂഖ് ഖാൻ. മോഹൻലാൽ ഡാൻസ് ചെയ്യുന്ന ഒരു ക്ലിപ്പ് ഷെയർ ചെയ്തുകൊണ്ടാണ് ഷാരൂഖ് താരത്തിനെ അഭിനന്ദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വനിത അവാർഡ് ചടങ്ങിലാണ് മോഹൻലാൽ സ്പെഷ്യലായി നൃത്തം ചെയ്തത്.

മമ്മൂട്ടി ഉൾപ്പടെയുള്ളവർ വേദിക്ക് മുന്നിൽ ഇരിക്കുമ്പോഴായിരുന്നു മോഹൻലാലിൻറെ തകർപ്പൻ പ്രകടനം. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായും അതുപോലെ ട്വിറ്ററിൽ ട്വീറ്റ് ചെയ്തുമാണ് ഷാരൂഖ് തന്റെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. “ഈ ഗാനം എനിക്കിപ്പോൾ ഏറ്റവും സ്പെഷ്യൽ ആക്കിയതിന് മോഹൻലാൽ സാറിന് നന്ദി. നിങ്ങളെ പോലെ പകുതി നന്നായി എനിക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോയി.

ലവ് യു സർ.. വീട്ടിൽ ഒരുമിച്ചുള്ള അത്താഴത്തിനായി കാത്തിരിക്കുന്നു. നിങ്ങൾ ഒജി സിന്ദാ ബന്ദയാണ്..”, ഷാരൂഖ് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. ഷാരൂഖിന്റെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ തിരിച്ചുമറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. “പ്രിയ ഷാരൂഖ്, നിങ്ങളെപ്പോലെ ആർക്കും അത് ചെയ്യാൻ കഴിയില്ല! നിങ്ങളുടെ ക്ലാസിക്, അനുകരണീയമായ ശൈലിയിൽ നിങ്ങൾ എപ്പോഴും ഒജി സിന്ദാ ബന്ദയായിരിക്കും.

നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.. കൂടാതെ, അത്താഴം മാത്രമാണോ? പ്രഭാതഭക്ഷണത്തിന് സിന്ദാ ബന്ദ ആയാൽ എന്താ കുഴപ്പം?”, മോഹൻലാൽ തിരിച്ചുമറുപടി നൽകി. മോഹൻലാലിനെ ഏറെ ആരാധിക്കുന്ന ഒരാളാണ് ഷാരൂഖ് എന്ന് മുമ്പ് പലപ്പോഴും താരം വ്യക്തമാക്കിയിട്ടുള്ളതാണ്. ഷാരൂഖും മോഹൻലാലും ഒന്നിച്ചുള്ള സിനിമ വേണമെന്നാണ് പോസ്റ്റിന് താഴെ ഇരുവരുടെയും ആരാധകരുടെ ആവശ്യം എന്ന് പറയുന്നത്.