‘എൻ്റെ അച്ഛന് എല്ലാ ആശംസകളും നേരുന്നു! കൊല്ലത്ത് ഒരു മാറ്റത്തിന് വോട്ട് ചെയ്യുക..’ – അഭ്യർത്ഥിച്ച് മകൾ ഇഷാനി കൃഷ്ണ

ലോകസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രിൽ 26-നാണ് കേരളത്തിൽ വോട്ടിംഗ് നടക്കുന്നത്. മുന്നണികളും നേതാക്കളും അണികളും ഏറെ ആവേശത്തിലാണ് നിൽക്കുന്നത്. കേരളത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങൾ ഈ തവണ കൂടുതലാണ്. ബിജെപി ആദ്യമായി അക്കൗണ്ട് തുറക്കുമോ എന്ന് തന്നെയാണ് മലയാളികൾ ഏവരും ഉറ്റുനോക്കുന്നത്.

വർഷങ്ങളായി ഇടതും വലതും മാറിമാറി വിജയിക്കുന്ന മണ്ഡലങ്ങളിൽ ഈ തവണ ബിജെപിക്ക് എന്ത് ചെയ്യാനാകും എന്നത് ചർച്ച വിഷയം തന്നെ. തൃശൂർ, തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ സ്ഥലങ്ങളിൽ ബിജെപി പ്രതീക്ഷ വെക്കുന്നുണ്ട്. ഇത് കൂടാതെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഏവരും ഉറ്റുനോക്കുന്ന മറ്റൊരു മണ്ഡലമാണ് കൊല്ലം. രണ്ട് നടൻമാർ മത്സരിക്കുന്ന മണ്ഡലമാണ് ഇത്.

യുഡിഎഫിന്റെ എൻകെ പ്രേമചന്ദ്രനെ തോൽപ്പിക്കാൻ നടനും കൊല്ലം എംഎൽഎ കൂടിയായ മുകേഷും എൽഡിഎഫ് സ്ഥാനാർഥിയായും നടൻ കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. കൃഷ്ണകുമാർ വന്നതോടെ കൊല്ലവും ഉറ്റുനോക്കുന്ന മണ്ഡലമായി മാറി. കൃഷ്ണകുമാറിന്റെ പെൺമക്കളിൽ രണ്ടാമത്തെ മകൾ ദിയ അച്ഛന് വേണ്ടി നേരിട്ട് വോട്ട് അഭ്യർത്ഥിക്കാൻ ഇറങ്ങിയിട്ടുണ്ടായിരുന്നു. ബാക്കി മൂന്ന് മക്കൾ അച്ഛന്റെ രാഷ്ട്രീയവുമായി ബന്ധമില്ലാതെയാണ് നിന്നിരുന്നത്.

ഇപ്പോഴിതാ മൂന്നാമത്തെ മകൾ ഇഷാനി അച്ഛന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. “ലോക്‌സഭാ തെരഞ്ഞെടുപ്പിന് എൻ്റെ അച്ഛന് എല്ലാ ആശംസകളും നേരുന്നു. കൊല്ലത്തെ സ്ഥാനാർത്ഥിയാണ്. വികസന കാഴ്ചപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം. കൊല്ലത്ത് ഒരു മാറ്റത്തിന് വോട്ട് ചെയ്യുക..”, ഇതായിരുന്നു ഇഷാനി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. എന്നാൽ പോസ്റ്റിന് താഴെ അച്ഛൻ എട്ടുനിലയിൽ പൊട്ടുമെന്ന രീതിയിൽ കമന്റുകളും വന്നിട്ടുണ്ട്.