‘സിദ്ധാർഥിനെ കുറിച്ച് പോസ്റ്റിട്ടതിന് എന്നെ ആക്ഷേപിച്ചു, എന്റെ സ്റ്റാൻഡേർഡ് മാറ്റിവച്ച് മറുപടി കൊടുത്തു..’ – കുറിപ്പുമായി സീമ ജി നായർ

പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ച നടി സീമ ജി നായർക്ക് എതിരെ സൈബർ അറ്റാക്ക്. ഈ കാര്യത്തിൽ സീമ തന്നെ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ആക്ഷേപ്പിച്ച് കമന്റ് ഇട്ടവർക്ക് തന്റെ സ്റ്റാൻഡേർഡ് മാറ്റിവച്ച് മറുപടി കൊടുത്തെന്നും ഹിന്ദു ആയതിന്റെ പേരിൽ തന്നെ സംഘിയാക്കി മാറ്റിയെന്നും സീമ തുറന്നടിച്ചു.

“നമസ്കാരം പ്രിയപ്പെട്ടവരെ.. രണ്ട് ദിവസം മുമ്പേ സിദ്ധാർഥ് എന്ന മോനെ കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ ഞാൻ എഴുതിയത് രാഷ്ട്രീയ കൊ.ലപാതകത്തെ കുറിച്ചും, ഏത് പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാൻ ആളുണ്ടെങ്കിൽ ഇവിടെ പലതും നടക്കുമെന്നുമാണ്.. ഒരു പാർട്ടിയുടെ പേര് പറഞ്ഞില്ല. അത് സിപിഎം, ബിജെപി, കോൺഗ്രസ് ഏതും ആവട്ടെ.. മഞ്ഞപ്പിത്തമുള്ളവന് നോക്കിനിടമൊക്കെ മഞ്ഞ നിറം എന്ന് പറഞ്ഞപോലെ കുറച്ചുപേർ എന്റെ മെക്കിട്ടുകേറാൻ വന്നു.

അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത്.. പ്രതികരിച്ചവരുടെ പാർട്ടിയാണ് ഇത് ചെയ്തതെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞാൻ നിലവാരമില്ലാത്തവൾ, ഊള തുടങ്ങിയ പദപ്രയോഗങ്ങൾ.. അവർക്ക് എല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റിവച്ച് മറുപടിയും കൊടുക്കേണ്ടി വന്നു. കൊ.ലപാതകം ഏതുമാവട്ടെ.. രാഷ്ട്രീയമോ, ക്യാമ്പസോ ആവട്ടെ.. പാർട്ടി ഏതും ആവട്ടെ.. പക്ഷേ ആരുടേയും ജീവൻ എടുക്കാനുള്ള അവകാശം ആർക്കുമില്ല. ആര് മരിച്ചാലും ആര് കൊ.ന്നാലും ആ ജീവൻ തിരികെ കൊടുക്കാൻ നമ്മുക്ക് കഴിയില്ല.

രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടിയിട്ടു. നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും മനസാക്ഷിയില്ലാത്ത എങ്ങനെ ഇവർക്ക് എഴുതാൻ സാധിക്കുന്നു. ഇതുവരെ എന്റെ രാഷ്ട്രീയം എന്തെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒരു പാർട്ടി മീറ്റിംഗിലും ഞാൻ പങ്കെടുത്തിട്ടില്ല. ഹിന്ദുവായി പോയതുകൊണ്ട് ഞാൻ സംഘിണിയായി മാറുന്നു. ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായി അംഗീകരിക്കാം പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ ഗോഡ്സ് ഓൺ കൺട്രി..”, സീമ ജി നായർ കുറിച്ചു.