‘അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിൽ എടുക്കാൻ ‘സ്‌പീക്കറിന്’ മാത്രേ കഴിയു..’ – പരിഹസിച്ച് നിർമാതാവ് സന്ദീപ് സേനൻ

ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിന് പൊലീസ് കേസ് എടുത്ത സംഭവം ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടറിഞ്ഞത്. ഇന്ന് രാവിലെ മുതൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ട്രോളുകളുമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. കന്റോമെന്‍റ് പൊലീസാണ് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. വെറും പത്ത് സെക്കന്റ് മാത്രമാണ് പ്രശ്നം ഉണ്ടായത്.

ഹൗളിം​ഗ് സാധാരണമാണെന്നും കേസ് ഇത് ആദ്യമായിട്ടാണെന്നും മൈക്ക് ഓപ്പറേറ്ററും ഉടമയും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പൊലീസിന്റെ ഈ നടപടിക്ക് എതിരെ ശക്തമായ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഇത് കേരളമാണോ ഉത്തര കൊറിയ ആണോ എന്നാണ് പലരും ചോദിച്ചു പോകുന്നത്. പൊലീസിന്റെ നടപടിയെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിനിമ നിർമാതാവ് സന്ദീപ് സേനൻ.

“അറസ്റ്റിലായ മൈക്കിനെ ജാമ്യത്തിൽ എടുക്കാൻ സ്‌പീക്കറിന്(തെറ്റിദ്ധരിക്കേണ്ട കോളാമ്പി.. കോളാമ്പി) മാത്രേ കഴിയു.. മൂകരായി ഇരിക്കുന്ന ന്യായികരണ തൊഴിലാളികളുടെ കോളാമ്പി ഫ്രീയാണ്.. ആർക്കും എടുത്ത് പെരുമാറാം, ഉണരൂ ഉപഭോക്താവേ ഉണരൂ..”, സന്ദീപ് ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ പിണറായി വിജയനെയും കേരള പൊലീസിനെയും പരിഹസിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

സന്ദീപിന്റെ പോസ്റ്റ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. ധാരാളം ട്രോളുകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളുടെ നിർമാതാവാണ്‌ സന്ദിപ് സേനൻ. പൃഥ്വിരാജ് നായകനാകുന്ന വിലായത്ത് ബുദ്ധയുടെ നിർമാതാവും സന്ദിപ് തന്നെയാണ്.