‘എന്റെ വിവാഹ നിശ്ചയം കഴിഞ്ഞു!! നടനും സംവിധായകനുമായ മാത്തുക്കുട്ടി വിവാഹിതനാകുന്നു..’ – ഫോട്ടോസ് വൈറൽ

നടനും സംവിധായകനും ടെലിവിഷൻ അവതാരകനും റേഡിയോ ജോക്കിയുമായ ആർ.ജെ മാത്തുക്കുട്ടി എന്നറിയപ്പെടുന്ന അരുൺ മാത്യുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. 2007 മുതൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച മാത്തുക്കുട്ടി പിന്നീട് ടെലിവിഷൻ രംഗത്ത് അവതാരകനായി മാറുകയും അതിന് ശേഷം സിനിമയിൽ അഭിനയിക്കുകയും ഒടുവിലായി സംവിധായകനായി മാറുകയും ആയിരുന്നു.

കുറച്ച് വർഷങ്ങളായി മാത്തുക്കുട്ടിയുടെ ആരാധകർ താരത്തിനോട് ചോദിക്കുന്ന ഒരു ചോദ്യത്തിനാണ് ഇന്ന് അവസാനം വന്നിരിക്കുന്നത്. മാത്തുക്കുട്ടി കല്യാണം കഴിക്കുന്നില്ലേ എന്ന് പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്. ആ ചോദ്യങ്ങൾ അവസാനിപ്പിച്ചുകൊണ്ട് ഈ കഴിഞ്ഞ ദിവസം മാത്തുക്കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഡോക്ടറായ എലിസബത്ത് ഷാജി മഠത്തിലാണ് മാത്തുക്കുട്ടിയുടെ വധു.

“മാത്തൂന്റെ കാര്യത്തിൽ ഒരു തീരുമാനമായി..”, എന്ന ക്യാപ്ഷനോടെ മാത്തുക്കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും ഉടൻ പണത്തിൽ ഒപ്പം അവതാരകനുമായ രാജ് കലേഷ് ദിവാകരൻ(കല്ലു) വീഡിയോ പങ്കുവച്ചിരുന്നു. പുരനിറഞ്ഞ് കവിഞ്ഞ് നിൽക്കുന്ന മാത്തുക്കുട്ടി ഒടുവിൽ ആ തീരുമാനം എടുത്തുവെന്ന് പറഞ്ഞുകൊണ്ടാണ് കല്ലു വീഡിയോ തുടങ്ങുന്നത് തന്നെ. മാത്തു-കല്ലു കോംബോ ടെലിവിഷൻ വൻ ഹിറ്റായിരുന്നു.

ഷോർട്ട് ഫിലിമുകളിലാണ് മാത്തുക്കുട്ടി ആദ്യം അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മാത്തുക്കുട്ടി സിനിമയിലേക്ക് വരികയായിരുന്നു. ഉസ്താദ് ഹോട്ടലായിരുന്നു ആദ്യ സിനിമ. 2021-ൽ പുറത്തിറങ്ങിയ കുഞ്ഞേലദോ എന്ന സിനിമയിലൂടെ സംവിധാന രംഗത്തും മാത്തുക്കുട്ടി ചുവടുവെച്ചു. ഗുരുവായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലാണ് മാത്തുക്കുട്ടി അവസാനമായി അഭിനയിച്ചത്.