‘ഇത് പണത്തിന് വേണ്ടി തന്നെ, ഉടനെ അടിച്ചു പിരിയും! ഇന്ന് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം..’ – രവീന്ദർ

വിവാഹിതരായെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ശേഷം ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള ഒരു താരദമ്പതികളാണ് തമിഴ് സീരിയൽ നടിയായ മഹാലക്ഷ്മിയും ഭർത്താവും നിർമ്മാതാവുമായ രവീന്ദർ ചന്ദ്രശേഖറും. രവീന്ദറിന്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം ചെയ്തതെന്നായിരുന്നു പ്രധാന വിമർശനമെന്ന് പറയുന്നത്. രവീന്ദറിന് എതിരെ വലിയ രീതിയിൽ ബോഡി ഷൈമിങ്ങും നടന്നു.

ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകനും മഹാലക്ഷ്മിയ്ക്കുണ്ട്. വിമർശകരുടെ വായടപ്പിച്ചുകൊണ്ട് ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ്. വിവാഹ വാർഷിക ദിനത്തിൽ തങ്ങൾക്ക് കേൾക്കേണ്ടി വന്ന വ്യാജമായ കാര്യങ്ങളെ കുറിച്ചും പരിഹാസങ്ങൾക്കും ഓർത്തെടുത്തുകൊണ്ട് ഒരു കുറിപ്പ് രവീന്ദർ പങ്കുവച്ചിട്ടുണ്ട്.

“ഒന്നാം വിവാഹ വാർഷികം.. എങ്ങനെ തുടങ്ങണം, പറയണമെന്ന് അറിയില്ല. എത്ര വേഗമാണ് ഒരു വർഷം കടന്നുപോയത്. കഴിഞ്ഞ വർഷം ഏറ്റവും ചർച്ചയായ കല്യാണമായിരുന്നു ഞങ്ങളുടേത്. പോകുന്നിടങ്ങളിൽ എല്ലാം ഞങ്ങളെ ഒരു എക്സ് പോ പീസ് പോലെയാണ് എല്ലാവരും നോക്കിയത്. ഇതെങ്ങനെ സത്യമായി എന്ന് അവർ ചിന്തിച്ചു. ‘ഇത് ശരിക്കും പണം കണ്ടിട്ട് തന്നെ, മൂന്ന് മാസം കടക്കുമോ, ഇത് എത്ര നാളത്തേക്ക് ആണ്, രണ്ടുപേരും അടിച്ചുപിരിഞ്ഞ് ഉടനെ ഒരു വീഡിയോ ഇന്റർവ്യൂ വരും’ അയ്യോ മതി.. ഇങ്ങനെ എത്ര കമന്റുകൾ. ഇതൊക്കെ എല്ലാവരും ആഗ്രഹിച്ചത്!

ഇടയ്ക്ക് എനിക്കും തോന്നിയിരുന്നു. ഇവൾക്ക് ഇത് എന്തൊരു മനോഭാവമാണെന്നു. കോലം വരയ്ക്കുന്നു, വീട്ടിലെ ജോലികൾ ചെയ്യുന്നു, രാവിലെ എഴുന്നേറ്റ് കോഫി ഉണ്ടാക്കി തരുന്നു, ഒരു സീരിയൽ പോലെ! മൂന്ന് മാസം കഴിയുമ്പോൾ സ്വിഗ്ഗി ആയിരിക്കും ശരണമെന്ന് ഞാനും വിചാരിച്ചു. ഇത് ടിവിയിൽ കാണുന്ന രംഗം അല്ലായിരുന്നു. ശരിക്കും സ്നേഹം തന്നെ! സ്നേഹം കൊണ്ട് ഇവൾ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി. ഞാൻ എന്റെ ഇൻഷുറൻസ് പോളിസിയെ കുറിച്ച് അപ്പോൾ ഓർക്കും!

നിങ്ങൾ പിരിഞ്ഞിട്ട് വേണം പതിനൊന്ന് മാസം ഞങ്ങൾക്ക് യൂട്യൂബിലൂടെ പണം ഉണ്ടാക്കാൻ എന്നൊരു കൂട്ടരുണ്ട്. അമ്മു നമ്മുക്ക് ജീവിച്ചു കാണിക്കണം.. അവര് നമ്മുടെ സ്നേഹം കണ്ട് നെഞ്ചിടിക്കട്ടെ.. ഇവൾ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ഞാൻ അർഹനാണോ എന്ന് എനിക്ക് അറിയില്ല. എന്റെ ഭാഗ്യമാണ് മഹാലക്ഷ്മി. നല്ല ഭാര്യയാകുക എന്നത് ദൈവം തന്ന വരദാനമാണ്, ഒരു നല്ല ഭർത്താവായിരിക്കുക എന്നത് ദൈവം വളർത്തിയെടുത്ത മാർഗം..”, രവീന്ദർ കുറിച്ചു.