‘കണ്ണ് മാത്രമല്ല വൃക്കയും മാറ്റിവച്ച ഒരാളാണ് ഞാൻ! ഇപ്പോഴും അതിജീവിക്കുന്നു..’ – വെളിപ്പെടുത്തി റാണ ദഗുബാട്ടി

ബാഹുബലി എന്ന ബ്രഹ്മണ്ഡ സിനിമയിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ താരമാണ് നടൻ റാണ ദഗുബാട്ടി. ഭീംല നായക്, വിരാട് പർവ്വം എന്നിവയാണ് റാണയുടെ അവസാനമായി ഇറങ്ങിയ ചിത്രങ്ങൾ. റാണ നായിഡു എന്ന നെറ്റ് ഫ്ലിക്സിൽ ആരംഭിച്ച പുതിയ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി താരം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് പലർക്കും ഇപ്പോൾ പ്രചോദനമായി മാറിയിരിക്കുന്നത്.

“കോർണിയ ട്രാൻസ്പ്ലാൻറിനെക്കുറിച്ച് സംസാരിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ എന്ന് കരുതുന്നു. അതിന് കാരണം എന്താണെന്ന് വച്ചാൽ കണ്ണ് നഷ്ടപ്പെട്ട ഒരു അമ്മയുടെ മകൻ ഉണ്ടായിരുന്നു, അത് എന്താണെന്ന് ഓർത്ത് അവൻ വളരെ സങ്കടപ്പെട്ടിരുന്നു. അത് എന്താണെന്ന് ഞാൻ അവനോട് പറഞ്ഞു. എല്ലാത്തിനും ഒരു വഴിയുണ്ട്, അപ്പോഴാണ് ഞാൻ എന്റെ കണ്ണിനെക്കുറിച്ച് പറഞ്ഞത്. എനിക്ക് എന്റെ വലതു കണ്ണിൽ നിന്ന് കാണാൻ കഴിയില്ല.

ഇടത് ആണെങ്കിൽ ഒരാളുടെ കണ്ണ് ദാനമായി ലഭിച്ച ശേഷമാണ് കാണാൻ സാധിക്കുന്നത്. ശാരീരിക പ്രശ്‌നങ്ങൾ കാരണം പലരും തളർന്നുപോകാറുണ്ട്. അത് പരിഹരിച്ചാലും ഒരു ഭാരമുള്ളിൽ കാണും. എനിക്ക് ഒരു കോർണിയൽ ട്രാൻസ്പ്ലാൻറ് ഉണ്ടായിരുന്നു, എനിക്ക് ഒരു വൃക്ക മാറ്റിവയ്ക്കലും ഉണ്ടായിരുന്നു. ഞാൻ ഒരു ടെർമിനേറ്റർ ആണെന്ന് എനിക്ക് തോന്നാറുണ്ട്(ചിരിച്ചുകൊണ്ട് പറയുന്നു). ‘വരൂ, ഞാൻ ഇപ്പോഴും അതിജീവിക്കുന്നു, നിങ്ങൾ മുന്നോട്ട് പോയാൽ മതി’ എന്നാണ് ഞാൻ പറഞ്ഞത്..”, റാണ പറഞ്ഞു.

റാണയുടെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. താരത്തിന് ഒരു കണ്ണിന് കാഴ്ചയില്ലെന്ന് 2016-ൽ ഒരു അഭിമുഖത്തിൽ വച്ചാണ് വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ താൻ വൃക്കയും മാറ്റിവച്ചോരാളാണെന്ന് പറഞ്ഞതോടെ റാണ പല ആളുകൾക്കും ഒരു പ്രചോദനമായി മാറിയിരിക്കുകയാണ്. 2020-ലായിരുന്നു റാണയുടെ വിവാഹം. മഹീക ബജാജ് എന്നാണ് താരത്തിന്റെ ഭാര്യയുടെ പേര്.