‘രാധികയുടെ മകൾ ദേവിക വിവാഹിതയായി! അമ്മയുടെ സ്ഥാനത്ത് നിന്ന് ഗായിക സുജാത..’ – ഫോട്ടോസ് വൈറൽ

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക വിവാഹിതയായി. ബാംഗ്ലൂരിൽ വച്ചായിരുന്നു വിവാഹം നടന്നത്. ബാംഗ്ലൂർ സ്വദേശിയായ അരവിന്ദ് സുചിന്ദ്രനാണ് വരൻ. വത്സല, സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനായി ജോലി ചെയ്യുകയാണ്. ദേവികയും ബാംഗ്ലൂരിൽ തന്നെയാണ് ജോലി ചെയ്യുന്നത്. അച്ഛൻ സുരേഷ് കൃഷ്ണയുടെ കൈ പിടിച്ചുകൊണ്ട് വിവാഹ വേദിയിലേക്ക് എത്തുന്ന ദേവികയുടെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.

ഈ മാസം 25-ന് എറണാകുളം എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ച് വിവാഹത്തോട് അനുബന്ധിച്ചുള്ള ബാക്കി ചടങ്ങുകൾ നടക്കും. അമ്മയില്ലെങ്കിലും മകളുടെ വിവാഹം കേമമായിട്ട് തന്നെയാണ് സുരേഷ് നടത്തിയത്. രാധികയുടെ ബന്ധു കൂടിയായ ഗായിക സുജാത മോഹൻ അമ്മയുടെ സ്ഥാനത്ത് നിന്ന് ദേവികയുടെ വിവാഹം മംഗളമാക്കി. കുടുംബസമേതം സുജാത വിവാഹത്തിൽ പങ്കെടുത്തിരുന്നു.

വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടുള്ളതായിരുന്നു. രാധികയെ കുറിച്ചുള്ള ഓർമ്മകൾ എന്നും വേദനയോട് പൊതുവേദികളിൽ പങ്കുവച്ചിട്ടുള്ള ഒരാളാണ് സുജാത. അതുകൊണ്ട് തന്നെ രാധികയുടെ മകളുടെ വിവാഹം സുജാതയ്ക്ക് സ്വന്തം മകളുടെ വിവാഹം പോലെയാണ്. നാല്പത്തിയാറാം വയസ്സിൽ ക്യാൻസർ ബാധിതയായിരുന്ന രാധിക മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദേവികയുടെ വിവാഹത്തിൽ പങ്കെടുത്തതിന്റെയും വിവാഹത്തിന്റെയും ഫോട്ടോസ് സുജാത തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. സുജാതയും മകളും ഗായികയുമായ ശ്വേതയും ദേവികയുടെ വിവാഹ വേദിയിൽ ഒരുമിച്ച് പ്രാർഥനാമംഗള ഗാനം ആലപിച്ചിരുന്നു. ദേവികയും ഒരു മികച്ച പാട്ടുകാരിയാണ്. അമ്മ പാടിയ ഗാനങ്ങൾ കോർത്തിണക്കി മെഡലി ദേവിക ചെയ്തത് വമ്പൻ വൈറലായിരുന്നു.