‘തൊഴുകൈകളോടെ താരങ്ങൾ! രാജ്ഭവനിൽ എത്തി ഗവർണറെ കണ്ട് ജയറാമും പാർവതിയും..’ – ഫോട്ടോസ് വൈറൽ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് താരദമ്പതികളായ ജയറാമും ഭാര്യ പാർവതിയും. രാജ്ഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെ കണ്ടത്. ഗവർണറോടൊപ്പം ഭാര്യ രേഷ്മ ആരിഫും ഉണ്ടായിരുന്നു. ഗവർണറും ഭാര്യയുമായി ഏറെ നേരം സംവദിച്ച ശേഷമാണ് ജയറാമും പാർവതിയും മടങ്ങിയത്. ജയറാമും പാർവതിയും ഗവർണറെ കാണാൻ എത്തിയത് ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഗവർണർക്ക് സമ്മാനമായി കസവ് പുടവയും നേരിയതും നൽകിയ ശേഷമാണ് ജയറാമും പാർവതിയും മടങ്ങിയത്. ഗവർണർ താരങ്ങളെ സ്വീകരിക്കുന്നതിന്റെയും സമ്മാനം വാങ്ങുന്നതിന്റെയും ഫോട്ടോസും സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്. ഇതിന് മുമ്പ് സുരേഷ് ഗോപിയും കുടുംബവും, മോഹൻലാൽ, യുവനടൻ ടോവിനോയും കുടുംബവുമൊക്കെ ഗവർണറെ സന്ദർശിച്ചിട്ടുണ്ട്.

“പ്രശസ്ത നടൻ ശ്രീ ജയറാമും ഭാര്യ ശ്രീമതി അശ്വതിയും ബഹുമാനപ്പെട്ട ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെയും ശ്രീമതി രേഷ്മ ആരിഫിനെയും കേരള രാജ്ഭവനിൽ സന്ദർശിച്ചു..”, എന്ന ക്യാപ്ഷനോടെയാണ് ഗവർണറുടെ ഒഫീഷ്യൽ പേജിൽ ചിത്രങ്ങൾ വന്നത്. സുരേഷ് ഗോപി മകളുടെ കല്യാണം വിളിക്കാൻ വേണ്ടി നേരിട്ട് എത്തിയാണ് ക്ഷണക്കത്ത് നൽകിയത്. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും അന്ന് ഒപ്പമുണ്ടായിരുന്നു.

അതുപോലെ ജയറാമും മകൾ മാളവികയുടെ വിവാഹം ക്ഷണിക്കാൻ വേണ്ടി എത്തിയതാണോ എന്ന് വ്യക്തമല്ല. ഈ വർഷം തന്നെ മകളുടെ വിവാഹം ഉണ്ടാകുമെന്ന് ജയറാം നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. മകൻ കാളിദാസിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടുണ്ട്. രണ്ട് വിവാഹങ്ങളും ഈ വർഷം തന്നെയുണ്ടാകുമോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.