‘സുബി പോയിട്ട് ഒരു വർഷം, ഫോണിൽ നിന്നും നിന്റെ പേര് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല..’ – വേദനയോടെ ടിനി ടോം

നടിയും ഹാസ്യ താരവുമായിരുന്ന സുബി സുരേഷ് മലയാളി പ്രേക്ഷകരോട് വിട പറഞ്ഞിട്ട് ഒരു വർഷം ആയിരിക്കുകയാണ്. കരൾ രോഗത്തെ തുടർന്ന് വളരെ അപ്രതീക്ഷിതമായിട്ടാണ് സുബിയുടെ വേർപാട് സംഭവിക്കുന്നത്. മലയാള സിനിമ പ്രേക്ഷകരും സഹപ്രവർത്തകരും ഏറെ ഞെട്ടലോടെ കേട്ടയൊരു മരണവാർത്ത ആയിരുന്നു അത്. സ്റ്റേജ് ഷോകളിൽ നിറസാന്നിധ്യം ആയിരുന്നു സുബി സുരേഷ്.

കേരളത്തിലും വിദേശത്തുമായി നിരവധി പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള സുബി സുരേഷിന്റെ വേദന മിമിക്രി കലാകാരന്മാർക്കും അതുകൊണ്ട് തന്നെ ഏറെ വേദനയുണ്ടാക്കി. ഏഷ്യാനെറ്റിലെ സിനിമാല പോലെയുള്ള കോമഡി പ്രോഗ്രാമുകളിൽ പുരുഷ ഹാസ്യതാരങ്ങൾക്ക് ഒപ്പം കട്ടയ്ക്ക് പിടിച്ചുനിന്ന ഒരാളാണ് സുബി. ഇപ്പോഴിതാ സുഹൃത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് ടിനി ടോം.

“സുബി. .സഹോദരി.. നീ പോയിട്ടു ഒരു വർഷം ആകുന്നു.. ഫോണിൽ നിന്നും നിന്റെ പേര് ഞാൻ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശയാത്രയിൽ ആണെന്ന് ഞാൻ വിചാരിച്ചോളാം.. നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാൻ ഇന്നും ഓർക്കുന്നു.. നിന്റെ അവസാന യാത്രയിലും ഞാൻ കൂടെ ഉണ്ടായിരിന്നു..

തീർച്ചയായും നമ്മൾ ആ മനോഹരമായ തീരത്ത് കണ്ടുമുട്ടും..”, ടിനി സുബിയുടെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചു. സുബിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നിരവധി മലയാളികളാണ് ടിനിയുടെ പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. വിവാഹിതയാകാൻ ഒരുങ്ങുകയായിരുന്നു സുബി സുരേഷ്. അപ്പോഴാണ് തികച്ചു അപ്രതീക്ഷിതമായ കരൾ രോഗം പിടിപ്പെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്.