മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന ബ്രഹ്മണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ ഒരു ഗുസ്തിക്കാരനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ക്രിസ്തുമസ് റിലീസ് ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുമുണ്ട്. സിനിമയ്ക്ക് ഏറെ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർ നൽകിയിരിക്കുന്നത്.
മോഹൻലാലിൻറെ അതിശക്തമായ ഒരു തിരിച്ചുവരവും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കൊറിയോഗ്രാഫറായ പഹുൽവാ ഖംകർ സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചുമുള്ള അനുഭവം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശേരിക്കും അതുപോലെ മോഹൻലാലിനും ഒപ്പം നിൽക്കുന്ന രണ്ട് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് പഹുൽവ പോസ്റ്റ് ഇട്ടത്.
“ഇതിഹാസമായ മോഹൻലാൽ സാറിനൊപ്പം പ്രവർത്തിക്കുന്നത് ഒരു മികച്ച അനുഭവമായിരുന്നു.. വളരെ വിനീതനായ ഒരു മനുഷ്യൻ..”, പഹുൽവ ചിത്രങ്ങൾക്ക് ഒപ്പം എഴുതി. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെ മോഹൻലാൽ ആരാധകർ അത് ഏറ്റെടുത്തിരിക്കുകയാണ്. പഹുൽവയുടെ ചിത്രങ്ങളും വാക്കുകളുമാണ് മോഹൻലാൽ ആരാധകരുടെ മനസ്സിൽ കയറികൂടിയിരിക്കുന്നത്. പഹുൽവ അറിയപ്പെടുന്ന ഒരു നർത്തകിയാണ്.
1997-ലെ സോണി ടിവിയിലെ ബൂഗീ വൂഗി എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ വിജയി ആയിരുന്നു പഹുൽവ. അതിന് ശേഷം പല ഡാൻസ് ഷോകളിലും വിധികർത്താവായും പഹുൽവ വന്നിട്ടുണ്ട്. മറാത്തി സിനിമകളിലാണ് കൂടുതലും പഹുൽവ കൊറിയോഗ്രാഫറായി ജോലി ചെയ്തത്. ബോളിവുഡ് ചില സിനിമകളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി വർക്ക് ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഇത് ആദ്യമായിട്ടാണ്.