‘നില ബേബിക്ക് ഒപ്പം മാലിദ്വീപിൽ അവധി ആഘോഷിച്ച് പേളി മാണിയും ശ്രീനിഷും..’ – ഫോട്ടോസ് വൈറൽ

മലയാളം ടെലിവിഷൻ രംഗത്ത് ഒരുപാട് അവതാരകർ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് ആരാധകരെ ഉണ്ടാക്കിയിട്ടുണ്ട്. അവതരണ രംഗത്തുള്ളവർക്ക് ഇന്നത്തെ കാലത്ത് സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ ആരാധകരും ഫാൻസ്‌ ഗ്രൂപ്പുകളുമൊക്കെയുണ്ട്. 2008 മുതൽ അവതാരകയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത ഒരാളാണ് പേളി മാണി.

ഇന്ത്യാവിഷനിലെ ‘യെസ് ജൂക്ക് ബോക്സ്’ എന്ന പ്രോഗ്രാമിലാണ് ആദ്യമായി പേളി അവതാരകയായത്. പിന്നീട് പല പ്രോഗ്രാമുകൾ ചെയ്ത പേളിയ്ക്ക് പ്രേക്ഷക പിന്തുണ കൂടിയത് മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരകയായപ്പോഴാണ്. ഒരുപാട് ചാനൽ ഇന്റർവ്യൂകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അവാർഡ് നൈറ്റുകളിലും പേളി അവതാരകയായിട്ടുണ്ട്.

പേളി മത്സരാർത്ഥിയായി പങ്കെടുത്ത ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണിലൂടെയാണ് താരം തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. സീരിയൽ താരമായിരുന്ന ശ്രീനിഷ് അരവിന്ദാണ് താരത്തിന്റെ ഭർത്താവ്. ബിഗ് ബോസിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2019 ശ്രീനിഷും പേളിയും തമ്മിൽ വിവാഹിതരായി. കഴിഞ്ഞ വർഷമാണ് നില എന്ന പേരിൽ ഒരു മകൾ പിറന്നത്.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് മൂന്നാം വാർഷികത്തിൽ മകൾ നിലയ്ക്ക് ഒപ്പം മാലിദ്വീപിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് പേളിയും ശ്രീനിഷും. “നീലാകാശം.. നീല കടൽ.. കുഞ്ഞ് നിള എന്റെ കൈകളിൽ… ഇതിൽ കൂടുതൽ എനിക്ക് എന്താണ് ചോദിക്കേണ്ടത്.. അവധിക്കാലമാണ്..”, മകൾ കൈയിലെടുത്തുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് പേളി മാണി കുറിച്ചു. ഇത് കൂടാതെ അവിടെ നിന്നുള്ള മറ്റു ചിത്രങ്ങളും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.