തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആവേശത്തോടെ വരവേറ്റ് ഒരു താരവിവാഹം ആയിരുന്നു ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെയും തമിഴ് സംവിധായകനായ വിഘ്നേശ് ശിവന്റെയും. ജൂൺ ഒൻപതിന് ഇരുവരും ചെന്നൈയിലെ മഹാബലിപുരത്തിന് അടുത്ത് വച്ച് വിവാഹിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഹണി മൂൺ ആഘോഷിക്കാൻ തായ്ലൻഡിലും പിന്നീട് യൂറോപ്പിലുമൊക്കെ പോയ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു.
ഇപ്പോഴിതാ വളരെ അപ്രതീക്ഷിതമായ ഒരു വിശേഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് വിഘ്നേശ് ശിവൻ. തനിക്കും നയൻസിനും ഇരട്ടക്കുട്ടികൾ ജനിച്ചുവെന്ന സന്തോഷ വാർത്തയാണ് ആരാധകരുമായി വിഘ്നേശ് പങ്കുവച്ചത്. നയൻതാര ഷൂട്ടിംഗ് കുറച്ച് നാളിലേക്ക് നിർത്തുവെന്നും അമ്മയാകാനുള്ള തയാറെടുപ്പിലുമാണെന്ന് വാർത്തകൾ വന്നിരുന്നു.
അപ്പോഴും ഇത്രയും നേരത്തെ ഇങ്ങനെയൊരു വാർത്ത ആരും പ്രതീക്ഷിച്ചിരുന്നില്ല. “നയനും ഞാനും അമ്മയും അപ്പയുമായി.. ഞങ്ങൾ ഇരട്ട കുഞ്ഞുങ്ങളാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, എല്ലാ നല്ല പ്രകടനങ്ങളും ചേർന്ന്, 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങൾക്ക് വേണ്ടി വന്നിരിക്കുന്നു.
നിങ്ങളുടെയെല്ലാം അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം.. ഉയിർ, ഉലകം!! ജീവിതം കൂടുതൽ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു.. ദൈവം ഇരട്ടി മഹാനാണ്..”, വിഘ്നേശ് വിശേഷ വാർത്തയോടൊപ്പം കുറിച്ചു. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടിരിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.