‘വീഡിയോ എടുത്താൽ ഫോൺ എറിഞ്ഞ് പൊട്ടിക്കും..’ – ശല്യം ചെയ്ത ആരാധകനോട് ചൂടായി നയൻ‌താര

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള, ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേരുള്ള ഒരാളാണ് നടി നയൻ‌താര. വിഗ്നേഷ് ശിവനുമായി പ്രണയത്തിലായി വിവാഹിതയായി കഴിഞ്ഞ വർഷം ഇരട്ടക്കുട്ടികളുടെ അമ്മയായ നയൻസ് ഏറെ തിരക്കുള്ള ഒരു അഭിനയത്രി കൂടിയാണ്. വിഗ്നേഷിന് ഒപ്പം ഒന്നിച്ച ശേഷം നയൻസ് ക്ഷേത്ര ദർശനം പതിവായി നടത്താറുണ്ട്. ഇതിന്റെ വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്.

ഈ കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ നയൻസിനെയും വിക്കിയെയും കാണാൻ ഒരുപാട് ആളുകളാണ് എത്തിയത്. കുംഭകോണത്തിന് അടുത്തുള്ള കാമാച്ചി അമ്മൻ ക്ഷേത്രത്തിലാണ് നയൻസ് എത്തിയത്. നയൻസ് എത്തിയെന്ന് അറിഞ്ഞ് ഒരുപാട് ആളുകൾ അവിടേക്ക് എത്തി. ആളുകളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു. ശാന്തമായി ദർശനം നടത്താൻ നയൻതാരയ്ക്ക് സാധിച്ചതുമില്ല.

ക്ഷേത്രത്തിൽ പൂജകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും കൂടി മറ്റൊരു അമ്പലത്തിലേക്ക് പോയി. അവിടെ നിന്നും നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോയപ്പോൾ അവിടേക്ക് പിന്നാലെ ചില ആരാധകരും പാപ്പരാസികളും എത്തുകയും ചെയ്തു. ഈ സമയത്താണ് നയൻ‌താര അനുവാദമില്ലാതെ വീഡിയോ എടുക്കാൻ ശ്രമിച്ച ഒരാളോട് ദേഷ്യപ്പെടുന്നത്. വീഡിയോ എടുത്താൽ ഫോൺ എറിഞ്ഞ് പൊട്ടിക്കുമെന്നും നയൻസ് പറയുന്നുണ്ട്.

ഇത് കൂടാതെ ക്ഷേത്രത്തിൽ നിന്ന് കാറിലേക്ക് പോകുന്ന സമയത്ത് അനുവാദമില്ലാതെ തന്റെ തോളിൽ കൈയിടാൻ ശ്രമിച്ച ആരാധകരിൽ ഒരാളോടും നയൻസ് ദേഷ്യപ്പെട്ടിരുന്നു. അവരുടെ കൈ തട്ടി മാറ്റുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. നയൻതാരയുടെ ഈ പ്രവർത്തിയെ ഒരുപാട് പേർ വിമർശിച്ചെങ്കിലും കൂടുതൽ പേരും താരത്തിനെ അനുകൂലിച്ചാണ് കമന്റുകൾ ഇട്ടത്.