‘പത്ത് വർഷം ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ തന്നെ മറക്കില്ലെന്ന് റോബിൻ..’ – സ്വയം പൊങ്ങിയെന്ന് വിമർശനം

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. പക്ഷേ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളുമെല്ലാം വാരിക്കൂട്ടുന്നതും ഇതേ റോബിൻ തന്നെയാണ്. റോബിന്റെ ആരാധകരിൽ പലരും വിമർശകരായി മാറി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇതുമായി ബന്ധപ്പെട്ട് റോബിൻ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. “ഞാൻ എന്റെ ട്രോളുകൾ ഒക്കെ കാണാറുണ്ട്. ഹാഷ് ടാഗ് റോബിൻ എന്ന് സെർച്ച് ചെയ്തുനോക്കിയാൽ എന്നെ പറ്റി എത്ര വീഡിയോസ് ഉണ്ടെന്ന് കാണാൻ പറ്റും. നമ്മൾ സ്വയം വീഡിയോ ചെയ്യുന്നതിനേക്കാൾ മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിപ്പിക്കുന്നതിലാണ് കഴിവ്. നിങ്ങൾ എന്നെ പറ്റിയുള്ള വീഡിയോസ് എന്ന് നിർത്തുന്നോ അന്നേ എന്റെ റീച് കുറയുകയുള്ളു.

അടുത്ത പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ല. കാരണം അത്രത്തോളം വീഡിയോസ് ആണ് ഞാൻ ചെയ്തിരിക്കുന്നത്. ഡീഗ്രേഡിങ് കണ്ടപ്പോൾ പൊടി ഓടി രക്ഷപെട്ടോളാൻ പറഞ്ഞവരുണ്ട്. ആ വെള്ളം അങ്ങ് വാങ്ങിവച്ചാൽ മതി. സൈലന്റ് ആയിട്ട് ഇരിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ എല്ലാം കാണുന്നുണ്ട്. കോൺടെന്റ് കൊടുക്കേണ്ട സമയത്ത് അത് ചെയ്യും.

കഴിഞ്ഞ മാസം 2500 വീഡിയോസ് ആണ് എന്റെ പേരിൽ ഉള്ളത്. ഏത് സിനിമ നടനുണ്ട് ഒറ്റയടിക്ക് ഇത്രയും വീഡിയോസ്. നിങ്ങൾ എത്രമാത്രം ഡീഗ്രേഡ് ചെയ്യുന്നോ അത്രമാത്രം ഞാൻ ലൈം ലൈറ്റിൽ ഉണ്ടാകും..”, റോബിൻ പ്രതികരിച്ചു. പ്രതികരണം വന്ന ശേഷവും റോബിന് എതിരെ തന്നെയാണ് കമന്റുകൾ വരുന്നത്. ഇത്രത്തോളം സ്വയം പൊങ്ങിയായ ഒരാളെ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് പലരുടെയും വിമർശനം.