‘നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു..’ – പൃഥ്വിരാജിനെ പ്രശംസിച്ച് നവ്യ നായർ

ആടുജീവിതം എന്ന സിനിമ നൂറ് കോടി ക്ലബിലേക്ക് കയറാൻ പോവുകയാണ്. പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരുടെ ഏറെ വർഷത്തെ കഷ്ടപ്പാടിന് ഒടുവിൽ ഫലം കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ടിട്ട് നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചിട്ടുള്ളത്. ഇപ്പോഴിതാ നടിയും നർത്തകിയുമായ നവ്യ നായർ ആടുജീവിതം കണ്ട ശേഷമുള്ള അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്.

“ആടുജീവിതം.. ഇതൊരു മനുഷ്യൻ ജീവിച്ചു തീർത്ത ജീവിതമാണെന്ന് ഒരിക്കുമ്പോൾ.. നജീബിക്കാ.. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നു, ബെന്യാമെൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധ മാസത്തിൽ പ്രാർഥിച്ചു പോകുന്നു. രാജു ചേട്ടാ, നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.

പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇതെന്ന് തോന്നിപോകും വിധം അതിശയിപ്പിച്ചു. സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങൾ എന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠം ആണെന്ന് നിസംശയം ഒരു എളിയ അഭിനയത്രിയെന്ന നിലയ്ക്ക് പറയട്ടെ. ഹക്കീം ആയി ഗോകുലും, ഇബ്രാഹിം ഖാദ്രിയായി ജിമ്മി ജീൻ ലൂയിയും മനസ്സ് കീഴടക്കി.

പെരിയോനെ റഹ്മാനെ പെരിയോനേ റഹീം, ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ. അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെയുണ്ടെന്ന പ്രതീക്ഷ.. അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ.ആർ റഹ്മാൻ) നമസ്കരിക്കുന്നു. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതിൽ നന്ദി.. ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം..”, നവ്യ നായർ കുറിച്ചു.