‘നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ! അച്ഛന്റെ വേർപാടിൽ മനംനൊന്ത് നടി മീര ജാസ്മിൻ..’ – ആശ്വസിപ്പിച്ച് താരങ്ങൾ

പ്രശസ്ത സിനിമ നടി മീര ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത് ഈ കഴിഞ്ഞ ദിവസമാണ്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് 83 വയസ്സായിരുന്നു. പത്തനംതിട്ട സ്വദേശിയാണ് അദ്ദേഹം. ഏറെ നാളുകളായി എറണാകുളത്താണ് താമസിച്ചിരുന്നത്. മീര ജാസ്മിനെ കൂടാതെ വേറെ നാല് മക്കൾ കൂടി അദ്ദേഹത്തിനുണ്ട്. ഭാര്യ കടമാട്ട് ഏലിയാമ്മ ജോസഫ്.

അച്ഛന്റെ വേർപാടിൽ വിഷമിച്ച് ഇൻസ്റ്റാഗ്രാമിൽ മീര ജാസ്മിൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ..”, എന്ന് എഴുതികൊണ്ട് മീര ജാസ്മിൻ അച്ഛന്റെ പഴയ ഒരു ഫോട്ടോയും അതുപോലെ അച്ഛനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കുകയുണ്ടായി. സങ്കടത്തിലായി മീര ജാസ്മിനെ പോസ്റ്റിന് താഴെ സഹപ്രവർത്തകരായ താരങ്ങൾ ആശ്വസിപ്പിച്ച് എത്തുകയും ചെയ്തു.

ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം കടവന്ത്രയിലുള്ള വികാസ് നഗറിലെ ഭവനത്തിലേക്ക് മൃതശരീരം കൊണ്ടുവരും. രണ്ടുമണിക്ക് ഒന്നാം ഭാഗം ശുശ്രൂഷകൾ നടക്കും. ശവസംസ്കാരം ഞായറാഴ്ച 4
മണിക്ക് ആർടി റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ കാർമീകത്വത്തിൽ
പത്തനംതിട്ട ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ വച്ചായിരിക്കും നടക്കുന്നത്.

ജോമോൻ, ജെനി സുസൻ, സാറ റോബിൻ, മീരാ ജാസ്മിൻ, ജോർജി ജോസഫ് എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മീര ജാസ്മിന്റെ സഹോദരി ജെനി സൂസൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജോർജി ജോസഫ് സിനിമയിൽ സിനിമാറ്റോഗ്രാഫർ ആണ്. ക്വീൻ എലിസബത്താണ് മീരയുടെ അവസാനം റിലീസ് ചെയ്ത സിനിമ. പാലും പഴവുമാണ് മീരയുടെ ഇനി ഇറങ്ങാനുള്ള ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം മീര 2022-ലാണ് സിനിമയിലേക്ക് തിരിച്ചുവന്നത്.