‘മകന്റെ ഒന്നാം പിറന്നാളിന് അതിഥിയായി മമ്മൂട്ടിയും ഭാര്യ സുൽഫത്തും..’ – സന്തോഷം പങ്കുവച്ച് നടൻ നരേൻ

ഫോർ ദി പീപ്പിൾ, അച്ചുവിന്റെ അമ്മ തുടങ്ങിയ സിനിമകളിൽ തുടക്കത്തിൽ അഭിനയിച്ചുകൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടൻ നരേൻ. പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ച് തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടനായ നരേൻ മാറുകയും ചെയ്തു. കൈതി, വിക്രം തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ തമിഴ് സിനിമകളിലൂടെ നരേൻ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ടെലിവിഷൻ അവതാരകയായ മഞ്ജു ഹരിദാസിനെയാണ് നരേൻ വിവാഹം ചെയ്തത്. രണ്ട് മക്കളും താരത്തിനുണ്ട്. ആദ്യ മകൾ തന്മയ 2008-ലാണ് ജനിച്ചത്. പതിനാല് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം നരേൻ വീണ്ടും അച്ഛനായി. ഒരു ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ഓംകാർ എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോഴിതാ മകന്റെ ഒന്നാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് നരേനും ഭാര്യ മഞ്ജുവും.

മകന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട മാതാപിതാക്കളും അതുപോലെ മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയും ഭാര്യ സുൽഫത്തും പങ്കെടുത്തതിന്റെ സന്തോഷവും നരേൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുണ്ടായി. ഒന്നാം പിറന്നാളിന്റെ കേക്കിന് ഒപ്പം നരേന്റെ കുഞ്ഞിനെ കൈയിലെടുത്ത് നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

“ഓംകാറിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ അനുഗൃഹീതമായി ദിവസം അവസാനിക്കുന്നു..”, ചിത്രത്തോടൊപ്പം നരേൻ കുറിച്ചു. നരേനും മമ്മൂട്ടിയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത് മധുരരാജ എന്ന ചിത്രത്തിലാണ്. ഈ വർഷമിറങ്ങിയ ഇരൈവനാണ് നരേന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.