‘അച്ഛൻ തന്ന സ്നേഹത്തിന്റെ പകുതി പോലും മറ്റാരും നൽകിയിട്ടില്ല..’ – പിതാവിന്റെ ജന്മദിനത്തിൽ നമിത പ്രമോദ്

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്ത ഒരാളാണ് നടി നമിത പ്രമോദ്. ചെറിയ പ്രായത്തിൽ തന്നെ നായികയായ നമിത ഇപ്പോഴും സിനിമയിൽ നായികയായി തിളങ്ങി നിൽക്കുന്ന ഒരാളാണ്. രജനി, എ രഞ്ജിത്ത് സിനിമ എന്നീ കഴിഞ്ഞ വർഷം അവസാനത്തോടെ ഇറങ്ങിയ ചിത്രങ്ങളിൽ നമിത അഭിനയിച്ചിട്ടുണ്ടായിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന നമിത തന്റെ അച്ഛന്റെ ജന്മദിനത്തിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്. അച്ഛനോടുള്ള നമിതയുടെ സ്നേഹം ഫോട്ടോസിന് ഒപ്പം എഴുതിയ വാചകങ്ങളിൽ നിന്ന് ഏറെ വ്യക്തമാണ്. നമിതയുടെ ആരാധകർ അച്ഛന് ജന്മദിനാശംസകൾ നേർന്ന് കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്. നടി കവിത നായരും അദ്ദേഹത്തിന് പിറന്നാളാശംസിച്ച് കമന്റ് ഇട്ടു.

“അച്ഛയ്ക്ക്, ജന്മദിനാശംസകൾ.. നിങ്ങളാണ് എനിക്ക് എല്ലാം! നിങ്ങൾ തരുന്ന സ്നേഹത്തിന്റെ പകുതി പോലും ആരും എന്നോട് കാണിക്കില്ല എന്നതിൽ എനിക്ക് സംശയമില്ല.. വളരുക എളുപ്പമായിരുന്നില്ലെങ്കിലും നിങ്ങൾ കാര്യങ്ങൾ എളുപ്പമാക്കി..”, നമിത പ്രമോദ് അച്ഛനൊപ്പമുള്ള ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. നമിതയെ കുഞ്ഞിലെ എടുത്തുകൊണ്ട് നിൽക്കുന്ന അച്ഛന്റെ ഫോട്ടോയും പുതിയ ഫോട്ടോയുമൊക്കെ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഭിനയത്രി എന്നത് പോലെ തന്നെ ചെറിയ പ്രായത്തിൽ തന്നെ ഒരു ബിസിനെസുകാരി എന്ന രീതിയിലും നമിത പ്രവർത്തിക്കുന്നുണ്ട്. പനമ്പിള്ളി നഗറിൽ സമ്മർ ടൗൺ കഫേ എന്ന കഫേയും അതുപോലെ പേപ്പറിക്ക എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാൻഡും നമിത ആരംഭിച്ചിട്ടുണ്ട്. രണ്ടിന്റെയും തുടക്കം കഴിഞ്ഞ വർഷമായിരുന്നു. അതേസമയം സിനിമയുടെ കാര്യത്തിൽ എതിരെ, ഇരവ് എന്നീ ചിത്രങ്ങളാണ് നമിതയുടെ ഇനി വരാനുളളത്.