‘അച്ഛന്റെ പാതയിൽ മകളും! ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധായകയാകുന്നു..’ – റിലീസ് നാളെ

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നേര് തിയേറ്ററുകളിൽ മിന്നും വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. മോഹൻലാൽ, ജീത്തു കൂട്ടുകെട്ട് നിരാശ സമ്മാനിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വെറും ഒരു കോർട്ട് റൂം ഡ്രാമ ആയിരുന്നിട്ട് കൂടിയും ഇതുവരെ 75 കോടിയിൽ അധികമാണ് ചിത്രം നേടിയിരിക്കുന്നത്. കുടുംബപ്രേക്ഷകരാണ് സിനിമ കൂടുതലായി ഏറ്റെടുത്തത്.

ജീത്തുവിന്റെ അടുത്ത സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നടക്കുന്നുണ്ട്. ഈ തവണ ബേസിൽ ജോസഫിനെ നായകനാക്കി ഒരു ഫാമിലി കോമഡി ചിത്രമാണ് ജീത്തു കൊണ്ടുവരുന്നത്. ഇപ്പോഴിതാ ജീത്തുവിന്റെ അതെ പാതയിൽ തന്നെ സഞ്ചരിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹത്തിന്റെ മകൾ കാത്തി ജീത്തു. അച്ഛനെ പോലെ സംവിധായകയായി തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് കാത്തി.

കാത്തി സംവിധാനം ചെയ്ത ‘ഫോർ ആലീസ്’ എന്ന ചിത്രം ജനുവരി അഞ്ചിന് സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒരു പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് അച്ഛൻ ജീത്തു തന്നെയാണ് ഈ കാര്യം അറിയിച്ചത്. എസ്തർ അനിൽ, അഞ്ജലി നായർ, അർഷാദ് ബിൻ അൽത്താഫ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം കുട്ടി സ്റ്റോറീസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്യുന്നത്. ജീത്തുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ബെഡ്ടൈം സ്റ്റോറീസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയതും കാത്തി തന്നെയാണ്. നവീൻ ചെമ്പൊടിയാണ് ക്യാമറ. ജീത്തുവിന്റെ ഇളയമകൾ കത്രീന എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും ഭാര്യ ലിന്റ കോസ്റ്റും ഡിസൈനറായും ഇതിൽ വർക്ക് ചെയ്തിട്ടുണ്ട്. അച്ഛനെ പോലെ തന്നെ ത്രില്ലർ മൂഡ് ചിത്രമാണോ കാത്തിയും ഒരുക്കിയിരിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.