‘നക്ഷത്ര ഇപ്പോൾ ഒരു കൗമാരക്കാരിയാണ്!! മകളുടെ ജന്മദിനത്തിൽ നടി പൂർണിമ..’ – ആശംസകളുമായി ആരാധകർ

സിനിമയിൽ താരങ്ങളെ പോലെ തന്നെ അവരുടെ കുടുംബത്തിന്റെയും മക്കളുടെ വിശേഷങ്ങളും അറിയാനും പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഒരു താരപുത്രിയോ പുത്രനോ ആയിക്കൊള്ളട്ടെ അവരുടെ സിനിമയിലേക്കുള്ള വരവും മറ്റു വിശേഷങ്ങളും എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ്. മലയാള സിനിമയിലെ ഒരു താരകുടുംബമാണ് നടൻ ഇന്ദ്രജിത്തിന്റേത്.

ഇന്ദ്രജിത്തിന്റെ അനിയൻ പൃഥ്വിരാജ് ഇന്ന് ചേട്ടനെക്കാൾ വലിയ താരമായി മാറിയിട്ടുണ്ട്. അതുപോലെ ഭാര്യ പൂർണിമ ഇന്ദ്രജിത്ത് സിനിമയിൽ വീണ്ടും സജീവമാവുകയും ചെയ്യുന്നുണ്ട്. രണ്ട് പെൺകുട്ടികളാണ് ഇന്ദ്രജിത്തിനും പൂർണിമക്കുമുള്ളത്. മൂത്ത മകൾ പ്രാർത്ഥന ഇതിനോടകം മലയാളികളുടെ പ്രിയങ്കരിയായി മാറി കഴിഞ്ഞു. പ്രാർത്ഥന സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയിട്ടുണ്ട്.

ഇളയമകൾ നക്ഷത്രയും മാതാപിതാക്കളെ പോലെ തന്നെ സിനിമയിലേക്ക് തന്നെ എത്തിയിട്ടുമുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ടിയാൻ എന്ന സിനിമയിൽ നക്ഷത്ര ഇന്ദ്രജിത്തിന്റെ മകളായി തന്നെ അഭിനയിച്ചിട്ടുണ്ട്. അതുപോലെ മനോഹരമായി പാടുകയും ചെയ്യുന്ന ഒരാളാണ് നക്ഷത്ര. നക്ഷത്ര തന്റെ പതിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്.

മകളുടെ ജന്മദിനത്തിൽ അമ്മ പൂർണിമ, നക്ഷത്ര ഒരു ഇംഗ്ലീഷ് പാട്ട് പാടുന്നതിന്റെ വീഡിയോ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “എനിക്ക് വിശ്രമിക്കാം എന്ന് കരുതിയപ്പോൾ, എന്റെ അടുത്ത 5 വർഷത്തെ റോളർ കോസ്റ്റർ റൈഡ് ഇവിടെ ആരംഭിക്കുന്നു.. നക്ഷത്ര ഔദ്യോഗികമായി ഒരു കൗമാരക്കാരിയാണ്.. എനിക്ക് ആശംസകൾ നേരൂ..”, വീഡിയോടൊപ്പം പൂർണിമ കുറിച്ചു. നക്ഷത്രയ്ക്ക് ജന്മദിനം ആശംസിച്ച് ഒരുപാട് ആരാധകർ കമന്റും ചെയ്തിട്ടുണ്ട്.