‘ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് വന്നയാൾ! ആരാധകനിൽ നിന്ന് ഭർത്താവിലേക്ക്..’ – കുറിപ്പുമായി നടി മുക്ത

ഒറ്റനാണയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മുക്ത. പിന്നീട് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത മുക്ത മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2005-ൽ തുടങ്ങിയ മുക്ത പന്ത്രണ്ട് വർഷത്തോളം സിനിമ രംഗത്ത് സജീവ സാന്നിദ്ധ്യമായി നിന്നിട്ടുമുണ്ട്.

2015-ലായിരുന്നു മുക്തയുടെ വിവാഹം. മലയാളത്തിൽ പ്രശസ്ത ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. തൊട്ടടുത്ത വർഷം തന്നെ അമ്മയാവുകയും ചെയ്തിരുന്നു. കണ്മണി എന്ന് വിളിക്കുന്ന കിയാറയാണ് മുക്തയുടെ മകൾ. മകളും ഇപ്പോൾ സിനിമയിൽ ബാലതാരമായി അരങ്ങേറി അമ്മയുടെ പാതയിലേക്ക് തന്നെ എത്തിയിട്ടുണ്ട്. മുക്തയും നാത്തൂനും തമ്മിലുള്ള വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

അതേസമയം ഭർത്താവ് റിങ്കു ടോമിയുടെ ജന്മദിനത്തിൽ മുക്ത പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഒരു ആരാധകനിൽ നിന്ന് ഭർത്താവിലേക്ക് മാറിയ കാര്യമാണ് മുക്ത പോസ്റ്റ് ചെയ്തിട്ടുള്ളത്. “ആദ്യ ഫോട്ടോ! ഒരു ദുബായ് ഷോയ്ക്ക് ഒരുമിച്ചു ആദ്യം കണ്ടപ്പോൾ ഏട്ടൻ: ‘ഒരു ഫോട്ടോ എടുത്തോട്ടെ കൂടെ?’ ഞാൻ: ‘അതിനെന്താ എടുക്കാലോ’.. പിന്നെ അങ്ങോട്ട് നിർത്തേണ്ടി വന്നിട്ടില്ല ഫോട്ടോസ്.

എന്റെ നല്ല പകുതി ആയതിന് നന്ദി.. ജന്മദിനാശംസകൾ ഏട്ടാ..”, മുക്ത ഭർത്താവിന് ഒപ്പമുള്ള ആദ്യ ഫോട്ടോ മുതൽ നിരവധി ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചുകൊണ്ട് ജന്മദിനാശംസകൾ നേർന്നു. ഈ കാര്യം ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്. റിങ്കുവിന് പിറന്നാൾ ആശംസകൾ നേരുകയും ചെയ്തു. റിമി ടോമിയും കഴിഞ്ഞ ദിവസം അനിയന് പിറന്നാൾ ആശംസിച്ച് പോസ്റ്റ് ഇടുകയുണ്ടായി.