ഏറെ നാളത്തെ മോഹൻലാൽ ആരാധകരുടെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈകോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെ മോഹൻലാലും സിനിമയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മറ്റു ആളുകളും ടീസർ വരുന്നുണ്ടെന്ന് അറിയിച്ച് പോസ്റ്റർ പങ്കുവച്ചിട്ടുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ മോഹൻലാൽ, എൽ.ജെ.പി ആരാധകരും സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇതുവരെ മോഹൻലാൽ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ലിജോ മോഹൻലാലിന് സമ്മാനിച്ചിട്ടുള്ളതെന്ന് ടീസറിൽ നിന്ന് നൽകുന്ന സൂചനകളിൽ നിന്ന് വ്യക്തമാണ്. മോഹൻലാൽ ഇതുവരെ വന്നിട്ടില്ലാത്ത ഒരു ഗെറ്റപ്പിലുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുളളത്.
കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം എന്ന മോഹൻലാലിൻറെ ഡയലോഗോടുകൂടിയ ഒരു ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ടീസർ കണ്ടതോടെ ആരാധകരുടെ പ്രതീക്ഷയും കൂടിയിരിക്കുകയാണ്. ഒരു പീരിയോഡിക് ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും മലൈകോട്ടൈ വാലിബൻ എന്ന് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അടുത്ത ജനുവരി 25-നാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
സോണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സൈട്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ്മ, സഞ്ജന ചന്ദ്രൻ, സുചിത്ര നായർ, രാജീവ് പിള്ള തുടങ്ങിയ നിരവധി താരങ്ങൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻറെ അടുത്ത സുഹൃത്തായ ഷിബു ബേബി ജോണും സുഹൃത്തുക്കളും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പി.എസ് റഫീഖ് ആണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. പ്രശാന്ത് പിള്ള ആണ് സംഗീതം.