‘നവതിയുടെ നിറവിൽ നിൽക്കുന്ന മധുവിന് ആശംസകൾ നേർന്ന് മോഹൻലാൽ..’ – എന്റെ സൂപ്പർസ്റ്റാറെന്ന് വിളിച്ച് മമ്മൂട്ടി

മലയാള സിനിമയിലെ കാരണവർ എന്ന വിശേഷിപ്പിക്കാവുന്ന അതുല്യപ്രതിഭയായ നടൻ മധു ഇന്ന് തന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുകയാണ്. 1933 സെപ്തംബർ 23-ന് തിരുവിതാംകൂറിലെ ഗൗരീശപട്ടം(ഇന്നത്തെ തിരുവനന്തപുരം) എന്ന സ്ഥലത്ത് ആർ പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെയും മകനായി ജനിച്ച മാധവൻ നായർ എന്ന മധു സിനിമയിൽ വരുന്നതിന് മുമ്പ് കോളേജ് അധ്യാപകൻ ആയിരുന്നു.

ആ സമയത്ത് തന്നെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന മധു, രാമു കാര്യാട്ടിന്റെ മൂടുപടം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും തന്റെ കോഴ്സിന് ശേഷം അദ്ദേഹം ആ പടത്തിൽ അഭിനയിക്കുകയും ചെയ്തു. ആ സമയത്ത് തന്നെ ‘നിണമണിഞ്ഞ കാല്പാടുകൾ’ എന്ന സിനിമയിലും മധുവിന് അഭിനയിക്കാൻ അവസരം ലഭിക്കുകയും അദ്ദേഹത്തിന്റെ ആദ്യ റിലീസ് ചിത്രമായി അത് മാറുകയും ചെയ്തു.

പിന്നീട് ഇങ്ങോട്ട് മധുവിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 70 പതിറ്റാണ്ടുകൾ മലയാള സിനിമയിൽ സജീവമായി അഭിനയിച്ച മധു ഏകദേശം 400-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമ അടക്കിഭരിച്ച താരരാജാവായി മധു മാറി. ഈ തൊണ്ണൂറാം വയസ്സ് വരെയും മധു സിനിമയിൽ സജീവമായി അഭിനയിക്കുന്നുണ്ടെന്നത് തന്നെയാണ് ശ്രദ്ധേയം. മധുവിന്റെ നവതി ആഘോഷം ഇന്ന് ജന്മനാടായ തിരുവനന്തപുരത്തെ നിശാഗന്ധി തിയേറ്ററിൽ നടക്കും.

മധുമൊഴി എന്ന പേരിൽ ഒരു സംഗീത വിരുന്നാണ് നടക്കുന്നത്. മോഹൻലാൽ, കെ.എസ് ചിത്ര തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുക്കുന്നുണ്ട്. അതെ സമയം മധുവിന് ജന്മദിനാശംസകൾ നേർന്ന് പോസ്റ്റുകൾ ഇട്ടിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹൻലാലും. “നവതിയുടെ നിറവിൽ നിൽക്കുന്ന എൻ്റെ പ്രിയപ്പെട്ട മധുസാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..”, എന്ന് മോഹൻലാലും, “എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ” എന്ന് മമ്മൂട്ടിയും പോസ്റ്റിട്ടു.