‘എന്റെ ഫാൻസ്‌ അസോസിയേഷൻ ഉദ്‌ഘാടനം ചെയ്തത് ഇച്ചാക്കയാണ്..’ – ആരാധകർക്ക് മുന്നിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ

തന്റെ ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാർഷികം ആരാധകർക്ക് ഒപ്പം ആഘോഷിച്ച് മോഹൻലാൽ. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങളിൽ മോഹൻലാലിൻറെ അയ്യായിരത്തോളം വരുന്ന ആരാധകർ പങ്കെടുക്കുകയും ചെയ്തു. ചടങ്ങുകൾക്ക് ശേഷം മോഹൻലാൽ ആരാധകർക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നവരാണ് ആരാധകരെന്ന് മോഹൻലാൽ പറഞ്ഞു.

ആദ്യമായിട്ട് പറയേണ്ടത് തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോഴുള്ള സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം. ഞാനുണ്ട് ഏട്ടാ കൂടെ എന്ന് ഒരായിരം പേർ ഒന്നിച്ച് പറയുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം മറ്റൊന്നിനും പകർന്ന് നൽകാൻ ആകില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഓൾ കേരള മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ആരംഭിച്ചിട്ട് 25 വർഷങ്ങൾ ഇന്ന് പിന്നിട്ടിരിക്കുകയാണ്.

നേരിൽ കാണുമ്പോൾ ഒരുമിച്ചുള്ള ഒരു ഫോട്ടോയിൽ കൂടുതൽ ഒന്നും നിങ്ങൾ ആവശ്യപ്പെടാറില്ല. സ്നേഹം അല്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. മതിലിൽ പതിച്ച പോസ്റ്ററിനേക്കാൾ എത്രയോ വലുതാണ് നിങ്ങളുടെ മനസ്സിൽ പതിഞ്ഞ പുഞ്ചിരി. ഏതു പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസ്സിൽ സിനിമയിലെ തിരക്കഥയിലെ എന്ന പോലെ ഉറച്ച ഒരു വാചകമുണ്ട്. “എനിക്ക് എന്റെ പിള്ളേരുണ്ടെടാ!!”

മത്സരം പാടില്ല എന്നൊരു നിബന്ധനമാത്രമാണ് ഞാൻ ഫാൻസ്‌ അസോസിയേഷൻ തുടങ്ങിയപ്പോൾ പറഞ്ഞത്. 1998 സെപ്തംബർ രണ്ടിനാണ് ഓൾ കേരള മോഹൻലാൽ ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ആരംഭിച്ചത്. അത് ഉദ്‌ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂക്കയാണ്. ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിക്കയാണ്. എന്റെ സഹോദരതുല്യനായ ഇച്ചാക്കയോടുള്ള സ്നേഹം ഈ അവസരത്തിൽ ഞാൻ തുറന്നുപറയുന്നു..”, മോഹൻലാൽ പറഞ്ഞു.