‘ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്, മകൾക്കും അങ്ങനെ ഉണ്ടാകില്ല..’ – പ്രതികരിച്ച് മോഹൻലാൽ

മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ഈ മാസം തിയേറ്ററുകളിൽ എത്തുന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ചാനലുകൾക്ക് അഭിമുഖങ്ങൾ കൊടുക്കുകയും പ്രസ് മീറ്റ് നടത്തുകയുമൊക്കെ ചെയ്തിരിക്കുകയാണ് മോഹൻലാലും ആ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരും. സിനിമയുടെ പ്രതീക്ഷകൾക്ക് പുറമേ മറ്റു വിശേഷങ്ങളിലും മോഹൻലാൽ പ്രതികരിച്ചിരുന്നു.

ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ ഇന്നത്തെ കാലത്ത് നേരിടുന്ന സ്ത്രീധനം എന്ന് വിഷയവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് മോഹൻലാൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. “ഞാൻ സ്ത്രീധനം വാങ്ങിച്ചിട്ടല്ല കല്യാണം കഴിച്ചിട്ടുളളത്. എന്റെ മകൾക്ക് കല്യാണം കഴിക്കുമ്പോഴും അങ്ങനെയൊന്നും ഉണ്ടായിരിക്കുകയില്ല.

അത് ശരിയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം, ഒരുപാട് സിനിമകളിൽ ഇതിനെതിരെയായി സംസാരിച്ചിട്ടുള്ള ഒരാളാണ് ഞാൻ. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ കേൾക്കുമ്പോൾ എനിക്കും സങ്കടം തോന്നാറുണ്ട്. ഈ അടുത്തിടെ തന്നെ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി. നമ്മുക്ക് പെട്ടന്ന് അവനെ എങ്ങനെയെങ്കിലും പിടിച്ചോ പിടിച്ചോ എന്നാണ് നമ്മുക്ക് അറിയേണ്ടത്.

സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോടെ ഒട്ടും താല്പര്യമില്ല. അങ്ങനെ സമൂഹത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾ പിടിച്ചുനിർത്തുന്ന ഒരു സിനിമ കൂടിയാണ് നേര്..”, മോഹൻലാൽ പ്രതികരിച്ചു. ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയല്ലെന്നും പെൺകുട്ടികൾ സ്ട്രോങ്ങ് ആണെന്നും തനിക്കും രണ്ട് പെൺകുട്ടികൾ ആണെന്നും സ്ത്രീധനം ചോദിക്കുന്നവനെ കെട്ടില്ലെന്ന് അവര് പറഞ്ഞിട്ടുണ്ടെന്നും ജീത്തു ജോസഫും പറഞ്ഞു.