‘സ്കൂൾ കുട്ടികളോട് പറയേണ്ടതാണോ ഇത്! കലോത്സവ വേദിയിലെ മമ്മൂട്ടിയുടെ വാക്കുകൾക്ക് എതിരെ വിമര്‍ശനം..’ – സംഭവം ഇങ്ങനെ

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപനത്തിന് മുഖ്യാതിഥിയായി ഈ തവണ എത്തിയ നടൻ മമ്മൂട്ടി ആയിരുന്നു. സമാപനസമ്മേളനത്തിൽ എത്തിയ മമ്മൂട്ടി നടത്തിയ പ്രസംഗം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരുന്നു. കലോത്സവത്തിന്റെ സമാപനവേദിയിൽ വിദ്യാർത്ഥികൾക്ക് ഇടയിൽ വിവേചനമില്ല എന്ന് ചൂണ്ടിക്കാണിക്കാൻ മമ്മൂട്ടി തന്റെ കാലഘട്ടത്തിലെ ഒരു അനുഭവം ഉദാഹരണമായി പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനത്തിന് വഴിയൊരുക്കിയത്.

മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ, “ഇവിടെ ക്ഷേത്രകലകളുണ്ട്, മാപ്പിളപ്പാട്ട് മത്സരമുണ്ട്, കേരളത്തിലുള്ള എല്ലാ തരത്തിലുള്ള മത്സരങ്ങളും ഒരു വിവേചനവുമില്ലാതെ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. എല്ലാം ഒത്തുകൂടുന്ന ഒരു വേദിയാണ് കലോത്സവം. ചെറുപ്പത്തിൽ തന്നെ കുട്ടികളുടെ മനസ്സിലേക്ക് അനാവശ്യ ചിന്തകൾ ഇല്ലാതെ വിവേചനവും വേർതിരിവുകളും ഇല്ലാതെ കൂടെ ഉള്ളത് സുഹൃത്താണ് എന്ന ബോധ്യത്തോടെയാണ് ഇവിടെ പരിപാടികൾ നടക്കുന്നത്.

ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു സിഗരറ്റ് ഗേറ്റിന്റെ വാതിൽ നിന്ന് കത്തിച്ചാൽ ക്ലാസ്സിൽ എത്തുമ്പോൾ മാത്രമാണ് എനിക്ക് അതിന്റെ അവസാന പുക കിട്ടുക. അതുവരെ ആരൊക്കെ ആ സിഗരറ്റ് വിളിച്ചുവെന്ന് എനിക്ക് അറിയില്ല. ആ സിഗരറ്റ് വലിച്ചവരിൽ പല ആളുകളുണ്ട്. വിവേചനം നമ്മുക്ക് തോന്നാവുന്ന ആളുകൾ ഉണ്ടായിരിക്കും, അതൊന്നും ഞങ്ങൾ വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ ബാധിച്ചിട്ടില്ല. ഇന്നും നമ്മുടെ വിദ്യാർത്ഥികൾക്ക് അത് ബാധിച്ചിട്ടില്ല.

എനിക്ക് അതിൽ പൂർണ്ണബോധ്യമുണ്ട്..”, മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഈ സിഗരറ്റിനെ കുറിച്ചുള്ള അവസാന വാക്കുകളാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. സ്കൂൾ കുട്ടികളോട് പറയേണ്ടത് ഇത്തരമൊരു ഉദാഹരണം എടുത്തണോ എന്ന് ചോദിച്ചുകൊണ്ടാണ് പലരും വിമർശിച്ചത്. വിവേചനത്തെ കുറിച്ച് അദ്ദേഹത്തിന്റെ അന്നത്തെ അനുഭവം പറഞ്ഞതാണെന്നും അതിൽ വിമർശിക്കേണ്ടതില്ല എന്നുമാണ് ഇതിനെ പിന്തുണച്ചുകൊണ്ട് ആളുകൾ പറയുന്നത്.