‘കൃത്യം പന്ത്രണ്ട് മണിക്ക് വിഷ് ചെയ്‌ത്‌ മമ്മൂട്ടി! പുഴയ്ക്ക് പ്രായമില്ലെന്ന് മഞ്ജു വാര്യർ..’ – എമ്പുരാൻ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ്

മലയാളത്തിന്റെ മഹാനടനായ മോഹൻലാലിന്റെ അറുപത്തിനാലാം ജന്മദിനമാണ്. നാല്പത് വർഷത്തിന് മുകളിലായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് മോഹൻലാൽ. വില്ലനായി അഭിനയിച്ച് തുടങ്ങി പിന്നീട് മലയാളികളുടെ നായകനായി മാറിയ മോഹൻലാൽ മലയാള സിനിമയിൽ ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. മലയാള സിനിമയിലെ ഒന്നാമനായി മോഹൻലാൽ വളർന്നു വരികയും ചെയ്തു.

മോഹൻലാലിൻറെ ജന്മദിനത്തിൽ ആരാധകർ ധാരാളം ചാരിറ്റി പരിപാടികളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അർദ്ധരാത്രി മുതൽ ആരാധകർ താരത്തിന് ആശംസകൾ നേർന്ന് പോസ്റ്റുകൾ ഇടുന്നുണ്ട്. ട്വിറ്ററിൽ ട്രെൻഡിങ്ങിൽ പോലും “ഹാപ്പി ബർത്ത് ഡേ മോഹൻലാൽ” ഹാഷ്ടാഗ് ഇടംപിടിച്ചിട്ടുമുണ്ട്. ആരാധകർ ഏറെ കാത്തിരുന്നത് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ എമ്പുരാന്റെ പോസ്റ്റർ വരാൻ തന്നെയായിരുന്നു.

രാവിലെ ഒമ്പത് മണിക്ക് പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ എമ്പുരാന്റെ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാലിന് ജന്മദിനം ആശംസിച്ചു. കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ മമ്മൂട്ടി തന്റെ പ്രിയപ്പെട്ട ലാലുവിന് ജന്മദിനാശംസിച്ച് പോസ്റ്റ് ഇട്ടിരുന്നു. കവിളിൽ ചുംബനം കൊടുക്കുന്ന ഒരു ഫോട്ടോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തത്. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ പ്രിയപ്പെട്ട ചേട്ടൻ ഒരു മനോഹരമായ വാരിയിലൂടെ ആശംസ നേർന്നിരുന്നു.

“പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ.. പുഴയ്ക്ക് പ്രായമില്ല. ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക. നിരന്തരം, ഒരുപാട് കാലം..”, മഞ്ജു വാര്യർ കുറിച്ചത് ഇങ്ങനെയായിരുന്നു. പൃഥ്വിരാജ് മോഹൻലാലിന് ഒപ്പം എമ്പുരാന്റെ ലൊക്കേഷനിൽ നിൽക്കുന്ന ഒരു ഫോട്ടോയും പന്ത്രണ്ട് മണിക്ക് പങ്കുവച്ചിരുന്നു. ജയസൂര്യയും പന്ത്രണ്ട് മണിക്ക് തന്നെ ആശംസ അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു. ഇത് കൂടാതെ നിരവധി മലയാള സിനിമ താരങ്ങൾ മോഹൻലാലിൻറെ ജന്മദിനത്തിന് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്.