‘ജയിലറിൽ മോഹൻലാൽ, ഓസ്‌ലറിൽ തിളങ്ങാൻ മമ്മൂട്ടി! അതിഥി വേഷത്തിൽ താരം..’ – ലുക്ക് ഏറ്റെടുത്ത് ആരാധകർ

തമിഴിൽ രജനികാന്തിന്റെ ജയിലർ സിനിമയിൽ അതിഥി വേഷത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞിരിക്കുകയാണ് മോഹൻലാൽ. മാത്യൂസ് എന്ന കഥാപാത്രമായി വെറും രണ്ട് സീനുകളിൽ മാത്രമാണ് മോഹൻലാൽ വരുന്നത്. ആ രണ്ട് സീനും തിയേറ്റർ പൂരപ്പറമ്പായ അവസ്ഥ ആയിരുന്നു. ഇതിന് മുമ്പും മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിച്ച് കൈയടി നേടിയിട്ടുണ്ട്.

മാത്യൂസിന്റെ ഒരു മുഴുനീള കഥാപാത്രം സിനിമ വേണമെന്നാണ് മോഹൻലാൽ ആരാധകരുടെ ആഗ്രഹം. ജയിലറിന്റെ സ്പിനോഫ് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മോഹൻലാലിൻറെ വിളയാട്ടം തിയേറ്ററിൽ നടക്കുമ്പോൾ മമ്മൂട്ടി ആരാധകർക്ക് സന്തോഷിക്കാവുന്ന തരത്തിൽ മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. മിഥുൻ മനുവലിന്റെ പുതിയ സിനിമയിൽ മമ്മൂട്ടി അതിഥി വേഷത്തിൽ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഓസ്‌ലറിന്റെ ലൊക്കേഷനിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിന്റെ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ ഒന്നും വരാത്തതുകൊണ്ട് തന്നെ ആരാധകർ കാത്തിരിക്കുകയാണ്. മോഹൻലാൽ ജയിലറിൽ തിളങ്ങിയ പോലെ മമ്മൂട്ടി ഓസ്‌ലറിൽ അതിഥി വേഷത്തിൽ തിളങ്ങുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ജയറാം നായകനായി മിഥുൻ സംവിധാനം ചെയ്യുന്ന ഓസ്‌ലറിന്റെ അന്നൗൻസ്മെന്റ് മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്. മലയാളത്തിൽ ജയറാം അഭിനയിച്ചിട്ട് നാല് വർഷങ്ങൾ പിന്നിട്ടു. അവസാന സിനിമകൾ മോശം അഭിപ്രായം ലഭിച്ചതിനെ തുടർന്ന് സ്വയം ബ്രേക്ക് എടുക്കുകയിരുന്നു. ഈ സമയങ്ങളിൽ ജയറാം അന്യഭാഷകളിൽ മികച്ച വേഷങ്ങളിൽ അഭിനയിച്ചു. ഓസ്‌ലർ ജയറാമിന്റെ ശക്തമായ തിരിച്ചുവരവ് ആയിരിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.