‘മമ്മൂക്ക മൈക്കിളായി ആറാടുകയാണ്!! ഭീഷ്മ പർവ്വം ട്രെയിലർ തീയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഭീഷ്മ പർവ്വത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തിയേറ്ററുകളിൽ ഇന്നലത്തെ ചില ഷോകളിൽ ഭീഷ്മ പർവ്വത്തിന്റെ ട്രെയിലർ കാണിച്ചിരുന്നു. രാത്രിയോടെ ഇതിന്റെ പതിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും തുടർന്ന് ട്രെയിലർ അർധരാത്രി തന്നെ യൂട്യൂബ് റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ആയിരുന്നു.

അർധരാത്രി ഒരു മണിയോടെയാണ് യൂട്യൂബിൽ ട്രെയിലർ ഇറങ്ങിയത്. ലീക്ക് ആയെങ്കിലും യൂട്യൂബിൽ പക്ഷേ ട്രെൻഡിങ്ങിൽ ഒന്നാമത്തെ ആവുകയും ചെയ്തു. ശരിക്കും മമ്മൂട്ടിയുടെ ഒരു ക്ലാസും മാസ്സും നിറഞ്ഞ ഐറ്റമായിരിക്കുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നുണ്ട്. ഇപ്പോഴത്തെ ഹിറ്റ് ഡയലോഗ് പോലെ മമ്മൂട്ടി ശരിക്കും ആറാടുകയാണെന്ന് വേണം പറയാൻ.

ട്രെയിലറിൽ തന്നെ മമ്മൂട്ടി ഡയലോഗുകൾ പറയുന്ന രീതി രോമാഞ്ചം നൽകുന്ന ഒന്നാണ്. അമൽ നീരദ് നിരാശപ്പെടുത്തില്ലെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷൈൻ ടോം ചാക്കോ, സൗബിൻ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലേഷ് പോത്തൻ, ജിനു ജോസഫ്, നാദിയ മൊയ്‌ദു, സുദേവ് നായർ, ശ്രിന്ദ തുടങ്ങിയ താരങ്ങളെയും ട്രെയിലറിൽ കാണിക്കുന്നുണ്ട്.

അതുപോലെ നമ്മളെ വിട്ടുപിരിഞ്ഞ അതുല്യപ്രതിഭകളായ നെടുമുടി വേണുവിനെയും കെ.പി.എ.സി ലളിതയും കാണിച്ചുകൊണ്ടാണ് ട്രെയ്‌ലർ അവസാനിപ്പിക്കുന്നത്. ആ സീൻ കണ്ടപ്പോൾ കണ്ണുനിറഞഞ പോയെന്നും പ്രേക്ഷകർ വീഡിയോയുടെ താഴെ അഭിപ്രായങ്ങൾ പങ്കുവച്ചിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ 15 ലക്ഷത്തിൽ അധികം കാഴ്ചക്കാരാണ് ഭീഷ്മയുടെ ട്രെയിലറിന് ലഭിച്ചത്.

മാർച്ച് മൂന്നിനാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ആവുന്നത്. ബിഗ് ബിയുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്ക് അമൽ നീരദ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഐറ്റമാണ് ഭീഷ്മപർവം. അമൽ നീരദും ദേവദത്ത് ഷാജിയുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന് ശ്യാമാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ.