‘കുട്ടിക്കാലത്ത് വായിച്ച അത്ഭുതകഥകളുടെ സാക്ഷത്ക്കാരം..’ – മലൈക്കോട്ടൈ വാലിബൻ കണ്ട ശേഷം നടൻ മധുപാൽ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിൽ ഈ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ധാരാളമായി നെഗറ്റീവ് റിവ്യൂസ് വന്ന ചിത്രത്തിന് കൂടുതൽ നല്ല അഭിപ്രായം പറഞ്ഞിട്ടുള്ളത് ലിജോയുടെ സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ തന്നെയാണ്. വൈകുന്നേരത്തോടെയാണ് നല്ല അഭിപ്രായങ്ങൾ വന്നു തുടങ്ങിയത്.

അപ്പോഴേക്കും സിനിമയെ വലിയ രീതിയിൽ തന്നെ ആദ്യ പ്രതികരണങ്ങൾ ബാധിച്ചിരുന്നു. തിരക്കഥയിലെ പോരായ്മയെ കുറിച്ചാണ് കൂടുതൽ ആളുകൾ സംസാരിച്ചത്. ലിജോയുടെ മേക്കിങ്ങിനെയും മധു നീലകണ്ഠന്റെ ക്യാമറ വർക്കിനെയും താരങ്ങളുടെ പ്രകടനത്തെയും അധികം ആരും വിമർശിച്ചിരുന്നില്ല. ഇപ്പോഴിതാ സിനിമ കണ്ട ശേഷമുള്ള തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാൽ.

“ലിജോ ജോസ് പെല്ലിശേരിയുടെ മൂന്ന് ചിത്രങ്ങൾ.. ഡബിൾ ബാരൽ, നൻപകൽ നേരത്ത് മയക്കം, ഇപ്പോൾ ഇതാ മലൈക്കോട്ട വാലിബൻ. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതം.. ഫാന്റസിയുടെ അത്ഭുതം, സാങ്കേതികതയിലെ അത്ഭുതം, അത്ഭുതപിറവിയിലൂടെ ഒരത്ഭുതം, വെറും കഥകൾ പറയുകയല്ല ചലച്ചിത്രം. പ്രിയപ്പെട്ടവരേ, അത് നിങ്ങളോട് മറ്റൊരു ഭാഷയിൽ സംസാരിക്കുന്നുണ്ട്. ഈ സിനിമകളിൽ അത് കാണാം.. കേൾക്കാം.

ചലച്ചിത്ര ശാലകളിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കുവാൻ കഴിയൂ.. പ്രിയപ്പെട്ട ലിജോ, സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഒരു കലാകാരന്റെ വഴികൾ. ആ സ്വപ്നങ്ങളിലേക്ക് നിങ്ങൾ കൂടെ കൂട്ടിയ അഭിനന്ദ് രാമാനുജൻ, തേനി ഈശ്വർ, മധു നീലകണ്ഠൻ. സിനിമയുടെ ഭാഷ വായിച്ച മൂന്നുപേർ.. കുട്ടിക്കാലത്ത് വായിച്ച അത്ഭുത കഥകളുടെ സാക്ഷത്ക്കാരം.. ഈ ചിത്രങ്ങൾ എന്റെ ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്.. എന്നും കാലം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ നൽകിയതിന് അഭിനന്ദനങ്ങൾ..”, മധുപാൽ കുറിച്ചു.