‘അൻപ് മകളേ..! മകൾ ഭവതാരിണിയുടെ വിയോഗത്തിൽ വേദനയോടെ ഇളയരാജ..’ – പ്രണാമം അർപ്പിച്ച് ആരാധകർ

മകൾ ഭവതാരിണിയുടെ വിയോഗത്തിന്റെ ഞെട്ടിലിലാണ് സംഗീത സംവിധായകനായ ഇളയരാജ. ഇന്നലെ രാത്രിയാണ് ഭവതാരിണിയുടെ വിയോഗം സംഭവിച്ചത്. 47-കാരിയായ ഭവതാരിണി കഴിഞ്ഞ കുറച്ച് മാസങ്ങളായി അർബുദബാധിതയായിരുന്നു. ഏറെ വൈകിയാണ് ഭവതാരിണി താൻ അർബുദബാധിതയാണെന്ന് മനസ്സിലാക്കുന്നത്. ആയുർവേദ ചികിത്സയ്ക്ക് വേണ്ടി ശ്രീലങ്കയിലേക്ക് പോവുകയും ചെയ്തു.

അവിടെ വച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. ഗായിക കൂടിയാണ് ഭവതാരിണി അച്ഛന്റെ ശിക്ഷണത്തിൽ സംഗീത ലോകത്തേക്ക് എത്തുകയും ഒരു തവണ ദേശീയ അവാർഡ് നേടുകയുമൊക്കെ ചെയ്തിട്ടുണ്ട്. സംഗീത സംവിധായകയായും ഭവതാരിണി സജീവമായിരുന്നു. ഭവതാരിണി വിയോഗത്തിന്റെ വേദനയിൽ ഇളയരാജ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റാണ് അദ്ദേഹത്തിന്റെ ആരാധകരെയും സിനിമ പ്രേമികളെയും വിഷമിപ്പിച്ചിരിക്കുന്നത്.

അൻപ് മകളെ(പ്രിയ മകളേ) എന്ന ക്യാപ്ഷൻ നൽകിയാണ് ഇളയരാജ കുട്ടിക്കാലത്തെ മകളുടെ ഒപ്പമുള്ള ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇരു സൈഡിലേക്കും മുടിപിന്നിക്കെട്ടി അച്ഛൻ കാണിച്ചുകൊടുക്കുന്ന ഫോട്ടോ നോക്കിരിക്കുന്ന കുഞ്ഞ് ഭവതാരിണിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. മകൾ ഇളയരാജയ്ക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ഈ ഒരുവരി തലക്കെട്ടിൽ തന്നെയുണ്ട്. 1976-ലാണ് ഭവതാരിണി ജനിച്ചത്.

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലാണ് ഭവതാരിണി ആദ്യമായി പാടിയതെങ്കിലും ശ്രദ്ധനേടിയത് റാസയ്യ എന്ന ചിത്രത്തിൽ പാടിയ ശേഷമാണ്. സഹോദരങ്ങളായ കാർത്തിക് രാജ്, യുവൻ ശങ്കർ രാജ് എന്നിവരും സംഗീത സംവിധായകരാണ്. അച്ഛന്റെ സംഗീത പാതയിൽ സഞ്ചരിച്ച മൂവരിൽ രണ്ടാമത്തെ കുട്ടിയായിരുന്നു ഭവതാരിണി. ഒരുപിടി നല്ല ഗാനങ്ങൾ പാടിയും സംഗീതം നൽകിയും ഭവതാരിണി വിട പറഞ്ഞിരിക്കുകയാണ്.