‘അമ്മ ഞങ്ങളോട് വിടപറഞ്ഞു!! നടി ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് അന്തരിച്ചു..’ – വേദനയോടെ താരം

നടിയും പ്രശസ്ത നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് ഡോ. ഉമ ഗോപാലസ്വാമി അന്തരിച്ചു. ഒക്ടോബർ 19-ന് രാവിലെയായിരുന്നു അന്ത്യം. വൈകുന്നേരം നാല് മണിയോടെ അന്ത്യകർമ്മകൾ പൂർത്തിയായി. കർണാടക ബാംഗ്ലൂർ സ്വദേശിയാണ് ലക്ഷ്മി ഗോപാലസ്വാമി. അവിടെയുള്ള കന്നഡ കുടുംബത്തിലാണ് താരം ജനിച്ചത്. ലക്ഷ്മിയെ പോലെ തന്നെ അമ്മയും ഒരു കലാകാരി തന്നെയായിരുന്നു.

സംഗീത പണ്ഡിതയായ ലക്ഷ്മിയുടെ അമ്മ ഉമയാണ് താരത്തിനോട് ഭരതനാട്യം പഠിക്കാനും അതിൽ തുടരാനും പ്രേരിപ്പിച്ചത്. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നർത്തകിയായി ലക്ഷ്മി മാറാൻ കാരണമായത് അമ്മയുടെ ആ പ്രേരണയാണ്. അമ്മയുടെ വിയോഗം ലക്ഷ്മി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കൈയിൽ വീണ പിടിച്ചിരിക്കുന്ന അമ്മയുടെ ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ലക്ഷ്മി ഈ വാർത്ത അറിയിച്ചത്.

“അഗാധമായ ദുഖത്തോടെ ഇന്ന് ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ നഷ്ടപ്പെട്ട കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. 3.15 വരെ അമ്മയുടെ മൃതശരീരം ഞങ്ങളുടെ വീട്ടിലുണ്ടാവും അതിന് ശേഷം അന്ത്യകർമ്മങ്ങൾ നടക്കും. അമ്മ ഞങ്ങൾക്ക് എല്ലാമായിരുന്നു..”, ഫോട്ടോയോടൊപ്പം ലക്ഷ്മി കുറിച്ചു. മലയാളത്തിലെ നിരവധി സിനിമ താരങ്ങളാണ് താരത്തിനെ ആശ്വസിപ്പിച്ച് വാക്കുകൾ കമന്റുകളായി ഇട്ടത്.

കലാകാരനായ എംകെ ഗോപാലസ്വാമി എന്നാണ് ലക്ഷ്മിയുടെ അച്ഛൻ. ഒരു അനിയനും താരത്തിനുണ്ട്. അരയന്നങ്ങളുടെ വീട് എന്ന മലയാള സിനിമയിലൂടെയാണ് ലക്ഷ്മി സിനിമയിലേക്ക് എത്തുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ നർത്തകിയായ നായികാകഥാപാത്രം അവതരിപ്പിച്ചാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധനേടിയത്. തന്റെ നൃത്ത കരിയറിലും ആ സിനിമ ലക്ഷ്മിയ്ക്ക് വലിയ നേട്ടമുണ്ടാക്കി കൊടുത്തിട്ടുണ്ട്.