‘സുരേഷ് ഗോപി മന്ത്രി ആകണം!! കേരളത്തിന് ഒരുപാട് ഗുണം ഉണ്ടാകും..’ – ആഗ്രഹം തുറന്ന് പറഞ്ഞ് കൊല്ലം തുളസി

സുരേഷ് ഗോപി ജയിച്ച് മന്ത്രിയായി കാണണമെന്ന് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ കൊല്ലം തുളസി. കേരളത്തിനും അതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിന് വേണ്ടി പോകുമെന്നും ഒരു അഭിമുഖത്തിൽ കൊല്ലം തുളസി പറഞ്ഞു. കേരളത്തിലെ ബിജെപിയിലുള്ള ചിലർ മുതിർന്ന നേതാക്കൾക്ക് സുരേഷ് ഗോപി മുന്നിലേക്ക് വരുന്നതെന്ന് ഇഷ്ടം അല്ലാത്തവർ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“സുരേഷ് ഗോപിയെ പോലെയുള്ളവരെ ബിജെപി മുന്നോട്ട് കൊണ്ടുവരണം. എന്നാൽ കേരളത്തിലുള്ള ചില നേതാക്കൾക്ക് അത് താല്പര്യമില്ല. തൃശ്ശൂരിൽ അദ്ദേഹം ജയിക്കുമെന്നാണ് എന്റെ വിശ്വാസം. തൃശ്ശൂരിൽ അദ്ദേഹം നിൽക്കുകയാണെങ്കിൽ ഞാൻ അദ്ദേഹത്തിന് വേണ്ടി ഇലക്ഷൻ പ്രചാരണത്തിന് പോകും. രാഷ്ട്രീയം നോക്കിയല്ല. വ്യക്തിബന്ധം ഉള്ളതുകൊണ്ടാണ്. അദ്ദേഹം ജയിച്ചാൽ മന്ത്രിയായി കേരളത്തിന് എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ഒരാളാണ് ഞാൻ.

സുരേഷ് ഗോപി മന്ത്രിയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ നമ്മുടെ രാജ്യത്തിന് കിട്ടും. ഒ.രാജഗോപാൽ ആയപ്പോൾ റെയിൽവേയ്ക്ക് കിട്ടിയ കാര്യങ്ങൾ വളരെ വ്യക്തമാണ്. അതുപോലെയുള്ള അനുകൂല്യങ്ങൾ നമ്മുക്ക് ഇപ്പോൾ കിട്ടുന്നില്ല. സുരേഷ് ഗോപി ജയിച്ചുവരികയാണെങ്കിൽ മന്ത്രി ആവുമെന്ന് ഉറപ്പാണ്. മന്ത്രി ആവുകയാണേൽ കേരളത്തിന് ഒരുപാട് ഗുണങ്ങൾ ചെയ്യും.

സുരേഷ് ഗോപി ചില അഭിപ്രായങ്ങളൊക്കെ പറയുന്നത് അദ്ദേഹത്തിന്റെ ശുദ്ധമനസ്സുകൊണ്ട് പറ്റുന്നതാണ്. പുള്ളി ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട്. അത് മറ്റുള്ളവർ അറിയാതെയാണ് ചെയ്യുന്നതെന്ന് ഒന്നും പറയില്ല. എല്ലാവരും അറിഞ്ഞ് തന്നെയാണ് അദ്ദേഹം അത് ചെയ്യുന്നത്. അത് മറ്റുള്ളവർക്ക് കൂടി ഒരു പ്രചോദനത്തിന് വേണ്ടി കൂടിയാണ്. ഞാനും അതുപോലെ എന്തെങ്കിലും ചെയ്താൽ പത്ത് പേരോട് പറയും. നിങ്ങളും കൊടുക്ക് എന്ന് പറയും..”, കൊല്ലം തുളസി പറഞ്ഞു.