‘നമ്മുടെ മോൾ! അബിഗേലിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് നടനും എംഎൽഎയുമായ മുകേഷ്..’ – ട്രോളി കമന്റുകൾ

കേരളക്കര ഒന്നാകെ കേൾക്കാൻ ആഗ്രഹിച്ച വാർത്തയാണ് കഴിഞ്ഞ മണിക്കൂറുകളിൽ പുറത്തുവന്നത്. ഇന്നലെ വൈകിട്ടോടെ ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയി കാണാതായ അബിഗേൽ എന്ന ആറുവയസുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഇന്ന് ഉച്ചയോടെയാണ് നാട്ടുകാർ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ കുട്ടിയെ അവിടെ ഉപേക്ഷിച്ചിട്ട് രക്ഷപ്പെട്ടു. നാട്ടുകാർ കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചു.

കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ നടനും കൊല്ലം എംഎൽഎയുമായ മുകേഷ് കാണാനായി എത്തിയിരുന്നു. കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുന്ന ഫോട്ടോ മുകേഷ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുണ്ടായി. “നമ്മുടെ മോൾ” എന്ന ക്യാപ്ഷനോടെയാണ് മുകേഷ് ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. കുട്ടിയെ കണ്ട് സംസാരിച്ച ശേഷം മാധ്യമങ്ങളോട് മുകേഷ് പ്രതികരിക്കുകയും ചെയ്തിരുന്നു.

“കുട്ടി ഇപ്പോൾ സന്തോഷ വതിയാണ്.. എന്റെ കൈയിൽ വന്നു, എന്നെ അറിയാമെന്ന് പറഞ്ഞു. എന്റെ മണ്ഡലത്തിലാണ് ആശ്രാമം മൈതാനം. അവിടെ വച്ചാണ് അവർ കുട്ടിയെ ഉപേക്ഷിച്ചത്. ഇനിയൊരു ഇഞ്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്നും പിടിക്കപ്പെടുമെന്നും മനസ്സിലാക്കിയാണ് അവർ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചത്. കുഞ്ഞിന് ചെറിയ പോറൽ പോലുമില്ലെന്നത് എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമാണ്.

ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടിക്കും.. പൊലീസിന്റെ എഫർട്ടിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..”, മുകേഷ് പറഞ്ഞു. അതേസമയം മുകേഷ് പങ്കുവച്ച പോസ്റ്റിന് താഴെ അദ്ദേഹത്തെ വിമർശിച്ചും ട്രോൾ ചെയ്തും കമന്റുകൾ വന്നിട്ടുണ്ട്. അങ്ങനെ രണ്ടാളെയും കണ്ടെത്തി, കൊല്ലം ജനതയ്ക്ക് ഇരട്ടി മധുരം കുട്ടിയോടൊപ്പം എംഎൽഎയെയും കണ്ടെത്തി എന്നിങ്ങനെ ആയിരുന്നു മുകേഷിന് വന്ന പ്രതികരണങ്ങൾ.