‘കാലങ്ങൾക്ക് ശേഷം എന്റെ സഹപാഠിയെ വീണ്ടും കണ്ടുമുട്ടുന്നത് ഒരു വികാരമാണ്..’ – സോനയ്ക്ക് ഒപ്പം നടി സുചിത്ര

തൊണ്ണൂറുകളിൽ മലയാളി യുവാക്കളുടെ മനസ്സിൽ തരംഗമായി തീർന്ന നായികനടിയാണ് സുചിത്ര മുരളി. മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുചിത്ര മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. അതിന് മുമ്പ് സുചിത്ര ബാലതാരമായി ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ സിനിമയ്ക്ക് ശേഷമാണ് ഓളമുണ്ടാക്കിയത്.f

പതിനാലാം വയസ്സിൽ നായികയായി അരങ്ങേറിയ സുചിത്രയ്ക്ക് അതിന് ശേഷം ഒരുപാട് സിനിമകളിൽ അവസരം ലഭിച്ചു. ജഗദീഷ്, സിദ്ധിഖ്, മുകേഷ് എന്നിവരുടെ നായികയായി നിരവധി സിനിമകളിലാണ് സുചിത്ര അഭിനയിച്ചിട്ടുള്ളത്. ആഭരണച്ചാർത്ത് എന്ന സിനിമയിലാണ് സുചിത്ര അവസാനമായി അഭിനയിച്ചതെങ്കിലും രാകിളിപ്പാട്ടാണ് തിയേറ്ററുകളിൽ റിലീസായ അവസാന ചിത്രം.

വിവാഹ ശേഷം സിനിമ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് സുചിത്ര. ഇപ്പോൾ അമേരിക്കയിലാണ് സുചിത്ര താമസിക്കുന്നത്. ഈ കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ ഹ്യൂസ്റ്റൺ എന്ന പട്ടണത്തിൽ മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരങ്ങളുടെ ഒരു പ്രോഗ്രാം നടന്നിരുന്നു. ലക്ഷ്മി ഗോപാല സ്വാമി, ആശ ശരത്ത്, ദിവ്യ ഉണ്ണി തുടങ്ങിയ നടിമാരുടെ നൃത്തനിശയും പരിപാടിയിൽ ഉണ്ടായിരുന്നു.

ഇവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നതിന് ഒപ്പം തന്റെ സഹപാഠിയും നടിയുമായ സോന നായരെ കണ്ടതിന്റെ സന്തോഷവും സുചിത്ര പങ്കുവച്ചിട്ടുണ്ടായിരുന്നു. “കാലങ്ങൾക്ക് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടുന്നത് അതിശയകരമായ ഒരു വികാരമാണ്.. ഈ അത്ഭുതകരമായ ആത്മാവ്.. സോന..”, സുചിത്ര ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു. സോനയെ ന്യൂയോർക്കിലെ സ്ഥലങ്ങൾ ചുറ്റികാണിക്കുകയും ചെയ്തു സുചിത്ര.