‘അച്ഛൻ എങ്ങും പോയിട്ടില്ല!! കൊല്ലം സുധിയുടെ മുഖം പച്ചക്കുത്തി മകൻ രാഹുൽ..’ – വീഡിയോ വൈറൽ

വാഹന അപകടത്തിൽ ഒരു മാസം മുമ്പ് മരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. വളരെ അപ്രതീക്ഷിതമായ ഒരു വിയോഗമായിരുന്നു സംഭവിച്ചത്. സുധിക്ക് ഒപ്പം സഞ്ചരിച്ച ബിനു അടിമാലിക്കും മഹേഷ് കുഞ്ഞുമോനും പരിക്കേറ്റിരുന്നു. ഇരുവരും പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

വടകരയിൽ നിന്നും രാത്രി പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു. സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ആദ്യ വിവാഹ ബന്ധത്തിലെ മകനും രണ്ടാം ഭാര്യയും മകനുമാണ് സുധിക്ക് ഉണ്ടായിരുന്നത്. ഇവരുടെ ജീവിതമാണ് സുധിയുടെ മരണത്തോടെ വഴിമുട്ടിയത്. ഫ്ലാവേഴ്സ് ചാനലിന്റെ പരിപാടിക്ക് പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.

ഫ്ലാവേഴ്സ് സുധിയുടെ കുടുംബത്തിന്റെയും കുട്ടികളുടെ പഠനത്തിന്റെയും കാര്യങ്ങൾ ഏറ്റെടുത്ത് നോക്കുമെന്നും പറഞ്ഞിരുന്നു. സുധിയുടെ മൂത്തമകനായ രാഹുൽ ദാസ് ഇപ്പോഴിതാ അച്ഛന്റെ മുഖം തന്റെ കൈയിൽ പച്ചകുത്തിയിരിക്കുകയാണ്. രാഹുലും സുധിയുടെ ഭാര്യ രേണുവും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ ദി ദീപിങ്ക് ടാറ്റൂവിലാണ് രാഹുൽ ഇത് ചെയ്തത്.

സുധി ചേട്ടൻ എങ്ങും പോയിട്ടില്ല മോൻ്റെ കൂടെ തന്നെയുണ്ടെന്നും മോൻ ഹാപ്പിയായി ഇരിക്കൂ എന്നും സുധിയെ സ്നേഹിക്കുന്ന നിരവധി പേരാണ് വീഡിയോയുടെ താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്. എന്റെ പൊന്നു കിച്ചൂട്ടൻ എന്നാണ് രേണു ഇട്ടിരുന്ന കമന്റ്. ഒന്നര വയസ്സുള്ളപ്പോൾ അമ്മ ഉപേക്ഷിച്ച് പോയപ്പോൾ മകനെ തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ വേദിയുടെ പിറകിൽ ഇരുത്തി സുധി മുന്നിൽ ആളുകളെ ചിരിപ്പിച്ച കഥ താരം തന്നെ പറഞ്ഞിട്ടുണ്ട്.