‘ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടൻ എന്ന്..’ – ആടുജീവിതം കണ്ട ശേഷം നടി ജ്യോതി കൃഷ്ണ

ആടുജീവിതത്തെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി നിറഞ്ഞ് നിൽക്കുന്നത്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ മലയാളി നടിയായ ജ്യോതി കൃഷ്ണ ദുബൈയിൽ വച്ച് ആടുജീവിതം കണ്ട ശേഷമുള്ള അഭിപ്രായം അറിയിച്ചിരിക്കുകയാണ്. “ആടുജീവിതം കണ്ടു. പ്രത്യേകിച്ച് ഞാനായിട്ട് എന്തെങ്കിലും ഇനി എഴുതേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ലോകമെമ്പാടുമുള്ള പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞല്ലോ.. പക്ഷെ എഴുതാതെ വയ്യ.. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ആടുജീവിതം വായിക്കുന്നത്. വായനയോട് ഒട്ടും തന്നെ പ്രിയമില്ലാത്ത ഞാൻ ഒരു ദിവസം കൊണ്ടാണ് ആ പുസ്തകം തീർത്തത്. വെളുപ്പിന് രണ്ടര മണിയോടെ ആ പുസ്തകം വായിച്ചു അടച്ചപ്പോൾ നെഞ്ചിൽ വല്ലാത്ത വിങ്ങലായിരുന്നു. ഇന്ന് അതെ വിങ്ങലോടെയാണ് രണ്ടര മണിക്ക് തിയേറ്ററിൽനിന്ന് ഇറങ്ങിയത്.

രാജുവേട്ടാ നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഇതിൽ കൂടുതലൊന്നും നിങ്ങൾക്ക് ഇനി ചെയ്യാനില്ല. ഇനി മലയാളി അഹങ്കാരത്തോടെ തന്നെ പറയും ഞങ്ങളുടെ രാജുവേട്ടനെന്ന്.. പൃഥ്വിരാജ് എന്ന വ്യക്തിയെ ഞങ്ങൾ കണ്ടില്ല. നജീബ് മാത്രം.. ഹക്കീമായ ഗോകുൽ ഞെട്ടിച്ചുകളഞ്ഞു. ബ്ലെസ്സി സാർ താങ്ക്യൂ.. അങ്ങയുടെ പതിനാറ് വർഷങ്ങൾക്ക്.. രഞ്ജിത്തേട്ടാ നിങ്ങൾ വീണ്ടുംവീണ്ടും അതിഷിപ്പിക്കാൻ.. എല്ലാമെല്ലാം ഗംഭീരമായി എന്ന് പറയുമ്പോഴും മനസ്സിൽ ഒരു വേദന.

ഇതെല്ലാം ഒരു മനുഷ്യൻ അനുഭവിച്ചതാണല്ലോ.. ഇന്നും ദൈവത്തിന്റെ കൈകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാം അറിയാത്ത എത്രയോ നജീബുമാർ ഇന്നുമുണ്ട്. അവർക്കായി പ്രാർത്ഥന..”, ജ്യോതി കൃഷ്ണ സിനിമ കണ്ട ശേഷമുള്ള അഭിപ്രായം പങ്കുവെക്കുകയുണ്ടായി. ആടുജീവിതം നാല് ദിവസം കൊണ്ട് അമ്പത് കോടിയിൽ അധികമാണ് കളക്ഷൻ നേടിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ഈ വർഷത്തെ അഞ്ചാമത്തെ മലയാള ചിത്രമാണ്.