‘ആടുജീവിതം ഇഷ്ടമായില്ല, ഒരു ക്രഫ്റ്റും ഫീൽ ചെയ്തില്ല, 16 വർഷം എന്തിനായിരുന്നോ..’ – തിരക്കഥാകൃത്ത് രാജേഷ് വർമ്മ

തിയേറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസ്സിയുടെ സംവിധാനമികവ് കൊണ്ടും പ്രിത്വിരാജിന്റെ മികച്ച അഭിനയപ്രകടനം കൊണ്ടും പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ ആടുജീവിതം സിനിമയ്ക്ക് വേണ്ടി ബ്ലെസ്സി പതിനാറ് വർഷമാണ് കഷ്ടപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനടിയിൽ ബ്ലെസ്സിയുടെ മറ്റൊരു സിനിമകളും ഇറങ്ങിയിട്ടുമില്ലായിരുന്നു. 2013-ൽ ഇറങ്ങിയ കളിമണ്ണ് ആണ് ഇതിന് മുമ്പ് റിലീസായത്.

അതുകൊണ്ട് തന്നെ ബ്ലെസ്സിയുടെ കഷ്ടപ്പാട് കാണാൻ പ്രേക്ഷകരും കാത്തിരുന്നു. അതിന്റെ ഫലം പ്രേക്ഷകർക്കും അതുപോലെ ബ്ലെസിക്കും ലഭിച്ചു. മൂന്ന് ദിവസംകൊണ്ട് ആഗോളതലത്തിൽ 50 കോടിയിൽ അധികമാണ് നേടിയിരിക്കുന്നത്. ഇൻഡസ്ട്രി ഹിറ്റാകുമോ എന്ന് മാത്രമാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. അങ്ങനെയാണെങ്കിൽ ഒന്നര വർഷത്തിനിടയിൽ മൂന്ന് ഇൻഡസ്ട്രി ഹിറ്റ് ചിത്രങ്ങളായിരിക്കും സംഭവിക്കുന്നത്.

സിനിമയ്ക്ക് എങ്ങും നിന്ന് അധികം നെഗറ്റീവ് റിവ്യൂസ് കിട്ടിയിരുന്നില്ല. ഇപ്പോഴിതാ സിനിമ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന തിരക്കഥാകൃത്തായ രാജേഷ് വർമ്മ സിനിമയെ കുറിച്ച് വളരെ മോശം അഭിപ്രായം പങ്കുവച്ചിരിക്കുകയാണ്. ആന്റണി, ഉപചാരപൂർവം ഗുണ്ട ജയൻ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ഇദ്ദേഹം. “എനിക്ക് എന്തോ കുഴപ്പം ഉള്ളതുകൊണ്ടാകാം ആടുജീവിതം ഇഷ്ടമായില്ല.

ഒരു ക്രഫ്റ്റും ഫീൽ ചെയ്തില്ല.. 16 വർഷം എന്തിനായിരുന്നോ.. ആക്രമിക്കപ്പെടും എന്നറിയാം.. തോന്നിയത് പറഞ്ഞില്ലേൽ ഒരു കുറ്റബോധം തോന്നും.. സഹിച്ചു തീർത്തു..”, രാജേഷ് വർമ്മ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന് താഴെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്. ആന്റണി ചിത്രത്തെ വിമർശിച്ചുകൊണ്ട് ആയിരുന്നു കമന്റുകൾ. സംഭവം വിവാദവും വിമർശനങ്ങൾ കൂടുകയും ചെയ്തപ്പോൾ രാജേഷ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.