‘ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നടാ മക്കളെ! ആട് 3 അന്നൗൺസ് ചെയ്‌ത്‌ മിഥുൻ മാനുവൽ..’ – ഏറ്റെടുത്ത് മലയാളികൾ

ആദ്യ ഭാഗം തിയേറ്ററിൽ വമ്പൻ പരാജയമായി മാറുകയും പിന്നീട് ഡിവിഡി റിലീസിന് ശേഷം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമായി മാറുകയും തുടർന്ന് പ്രേക്ഷകരുടെ തന്നെ ആവശ്യപ്രകാരം രണ്ടാം ഭാഗം ഇറക്കുകയും അത് തിയേറ്ററിൽ വമ്പൻ വിജയമാവുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇറങ്ങിയ കോമഡി ചിത്രങ്ങളിൽ പ്രേക്ഷകർ റിപ്പീറ്റ് ആയിട്ട് കാണുന്ന രണ്ട് സിനിമകളാണ് ആടും ആട് 2-വും.

ഷാജി പാപ്പൻ എന്ന കഥാപാത്രമായി ജയസൂര്യ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, ധർമ്മജൻ തുടങ്ങിയവർ പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഹൗസാണ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുളളത്. ഇനിയൊരു ഭാഗം കൂടി ഉണ്ടാകുമോ എന്ന് പ്രേക്ഷകർ ഉറ്റുനോക്കിയിരിക്കുമ്പോൾ ആ സർപ്രൈസ് വന്നിരിക്കുകയാണ്.

ഷാജി പാപ്പനും പിള്ളേരും വീണ്ടും വരാൻ പോകുന്നുവെന്നാണ് ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവും സംവിധായകനും നായകനും പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും മിഥുനും വിജയ് ബാബുവും മൂന്ന് ആടുകളെ പിടിച്ചുനിൽകുന്ന രീതിയിൽ ഒരു പോസ്റ്റർ പുറത്തുവിട്ടിട്ടുമുണ്ട്. ഷൂട്ടിംഗ് ഉടനെ ആരംഭിക്കുമെന്നും പോസ്റ്ററിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിൽംസിന്റെ ബാനറിൽ തന്നെയാണ് വരുന്നത്.

സിനിമയിലെ ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ കാണാപ്പാഠവും അതുപോലെ ആരാധകരും ഏറെയാണ്. സാത്താൻ സേവ്യർ, ഡ്യൂഡ്, അറക്കൽ അബു, ക്യാപ്റ്റൻ ക്ലീറ്റസ്, പി.പി ശശി ആശാൻ, എസ്.ഐ സർബത്ത് ഷമീർ, ഡ്രാഗൺ പൈയ്ലി, കഞ്ചാവ് സോമൻ, ബാറ്ററി സൈമൺ, ഹൈ റേഞ്ച് ഹക്കീം, ചെകുത്താൻ ലാസർ തുടങ്ങിയ കഥാപാത്രങ്ങളുടെ പേരുകൾ തന്നെ പ്രേക്ഷകരുടെ ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്നതാണ്.