‘നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭ, ഉണ്ടായത് ദുരനുഭവം..’ – ജാസി ഗിഫ്റ്റിന് പിന്തുണയുമായി ശരത്

കോളേജ് വേദിയിൽ പാടുന്നതിടയിൽ പ്രിൻസിപ്പൽ അപമാനിച്ചതിനെ തുടർന്ന് വേദി വിട്ടിറങ്ങിയ ഗായകൻ ജാസി ഗിഫ്റ്റിന് പിന്തുണ അറിയിച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ കോളേജ് ഡേ പരിപാടിക്ക് എത്തിയപ്പോഴാണ് നാടകീയമായ രംഗങ്ങൾ ഉണ്ടായത്. വ്യാഴാഴ്ച ആയിരുന്നു സംഭവം നടന്നത്. ജാസിയും സംഘവും ഗാനം ആലപിക്കുന്ന സമയത്ത് പ്രിൻസിപ്പൽ വേദിയിൽ എത്തി മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു.

ഇതിന് എതിരെയാണ് വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുന്നത്. ഒരു കലാകാരൻ എന്ന നിലയിൽ ജാസിയെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രിൻസിപ്പലിന് എതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ ജാസി ഗിഫ്റ്റിന് പിന്തുണ അറിയിച്ചുകൊണ്ട് പ്രശസ്ത സംഗീത സംവിധായകനായ ശരത് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ജാസിക്ക് പരിപൂർണമായ പിന്തുണയും ശരത് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.

“എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ ജാസിക്ക് ഈ കഴിഞ്ഞ ദിവസം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് ഉണ്ടായ ഒരു ദുരനുഭവം കലയെയും കലാകാരന്മാരെയും അപമാനിക്കുന്ന തരത്തിൽ ഉള്ളതാണ്. ഒരു കോളേജ് പ്രിൻസിപ്പാലിന്റെ ഭാഗത്തു നിന്ന് എന്തിന്റെ പേരിൽ ആണെങ്കിലും ഇങ്ങനെ ഒരു ദുരനുഭവം ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക്‌ വളരെ വേദനാജനകമായി തോന്നി..

എനിക്ക്‌ അറിയാവുന്ന ജാസി വളരെ നിഷ്കളങ്കനും സാധുവുമായ ഒരു അതുല്യ പ്രതിഭയാണ്. അദ്ദേഹത്തിന് ഉണ്ടായ ഈ അപമാനം മുഴുവൻ കലാകാരന്മാരെയും കലാ ആസ്വാദകരെയും വേദനിപ്പിക്കുന്ന തരത്തിൽ ഉള്ളതാണ്. കോളേജ് അധികൃതരിൽ നിന്നുണ്ടായ ഈ വീഴ്ച ഇനി ഒരിക്കലും ഒരു കലാകാരനും ഉണ്ടാകാൻ പാടില്ലാത്തതാണ്..”, ജാസി ഗിഫ്റ്റിന് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. ശരത് ഇട്ട പോസ്റ്റ് വൈറലാവുകയും ചെയ്തു.