‘മന്ത്രിയെ വേദിയിൽ ഇരുത്തി സർക്കാരിനെ വിമർശിച്ച് ജയസൂര്യ, അധിക്ഷേപിച്ച് സൈബർ സഖാക്കൾ..’ – സംഭവം ഇങ്ങനെ

കളമശേരിയിൽ നടന്ന കാർഷികോത്സവത്തിൽ അതിഥിയായി എത്തിയ നടൻ ജയസൂര്യ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. കൃഷിമന്ത്രി പി പ്രസാദും മന്ത്രി പി രാജീവും വേദിയിൽ ഇരിക്കുന്ന സമയത്താണ് ജയസൂര്യ സർക്കാരിന്റെ കാർഷികമേഖലയോടുള്ള അവഗണനകളെ കുറിച്ച് തുറന്നു പറഞ്ഞത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഇടത് സൈബർ പോരാളികളുടെ വിമർശനവും നടന് ലഭിച്ചിട്ടുണ്ട്.

“കൃഷിക്കാർ അനുഭവിക്കുന്ന കാര്യങ്ങൾ ചെറുതല്ലെന്ന് മന്ത്രി മനസ്സിലാക്കണം. ഒരു സിനിമ പരാജയപ്പെട്ടാൽ ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകനാകുമെന്ന് പറയപ്പെടാറുണ്ട്. അതുപോലെ കൃഷി മന്ത്രിയുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ഒരുപാട് വൈകും. എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദ്‌ കഴിഞ്ഞ അഞ്ച് മാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവൻ ഉപവാസം ഇരിക്കുകയാണ്.

അധികാരികളുടെ ശ്രദ്ധ കിട്ടാൻ അവർ കഷ്ടപ്പെടുകയാണ്. പുതിയ തലമുറ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചെളി പുരുളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. കൃഷി ചെയ്ത തിരുവോണ ദിനത്തിൽ പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടിട്ട് അവർ എങ്ങനെ കൃഷിയിലേക്ക് വരാനാണ്.. ഒരിക്കലും വരില്ല..”, ജയസൂര്യ പറഞ്ഞത് ഇതായിരുന്നു. ജയസൂര്യ ഈ പറഞ്ഞത് കോൺഗ്രസ് നേതാക്കളിൽ ചിലർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്ത് സർക്കാരിനെ വിമർശിച്ചു.

ജയസൂര്യ തങ്ങളുടെ മന്ത്രി വേദിയിൽ ഇരുന്നപ്പോൾ ഇത്തരത്തിൽ സംസാരിച്ചത് ഇഷ്ടപ്പെടാതെ സൈബർ സഖാക്കൾ താരത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. ജയസൂര്യ ഇന്ന് പങ്കുവച്ച പോസ്റ്റിന് താഴെ വലിയ രീതിയിലാണ് വിമർശന കമന്റുകൾ വന്നിരിക്കുന്നത്. നിന്റെ സിനിമകൾ ഇനി കാണില്ലെന്നും മഹാബോർ നടനാണ് ഇവനെന്നും ഒക്കെ കമന്റുകൾ വരികയും ചെയ്തു. ഇതിനൊടൊന്നും ജയസൂര്യ പ്രതികരിച്ചിട്ടില്ല.