‘സിനിമ തന്നെയാണ് അൽഫോൻസ് നിങ്ങൾക്കുള്ള മരുന്ന്, പ്ലീസ് തിരിച്ചുവരിക..’ – പ്രതികരിച്ച് നടൻ ഹരീഷ് പേരടി

തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ഉണ്ടെന്ന് താൻ സ്വയം കണ്ടെത്തിയെന്നും അതുകൊണ്ട് ഇനി മുതൽ സിനിമ ചെയ്യില്ലെന്നും കഴിഞ്ഞ ദിവസം സംവിധായകൻ അൽഫോൻസ് പുത്രേൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുളളിൽ തന്നെ അൽഫോൻസ് അത് പിൻവലിച്ചിരുന്നു. പക്ഷേ അതിന്റെ സ്ക്രീൻഷോട്ടുകൾ വരികയും വലിയ രീതിയിൽ വാർത്തയാവുകയും ചെയ്തിരുന്നു.

അൽഫോൻസിന്റെ ഈ തീരുമാനത്തിന് എതിരെ പലരും രംഗത്ത് വരികയും ചെയ്തിരുന്നു. അൽഫോൻസ് ഈ രോഗത്തിന് വേണ്ട ചികിത്സ എടുത്ത ശേഷം സിനിമയിലേക്ക് മടങ്ങിയെത്തണമെന്നും അല്ലാതെ ഇതൊരു പോംവഴിയല്ലെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. “അൽഫോൺസ്, താങ്കൾ പറഞ്ഞ വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നു.

എന്നാലും നിങ്ങളെ പോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം. അതിന് താങ്കൾ സിനിമ ചെയ്തേപറ്റൂ. ഏത് രോഗാവസ്ഥയേയും പ്രതിസന്ധികളേയും മറികടക്കാനുള്ള ഉത്തമ ഔഷധം ആണ് കല. നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിന് എതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തിയെന്ന് ഞാൻ പറയും. സിനിമ തന്നെ ആണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന്.

നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന്. നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസിക അവസ്ഥകളിൽ ഞങ്ങൾ 3 നേരം കഴിക്കാറുള്ളത്. നിങ്ങൾ സിനിമ നിർത്തിയാൽ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികൾ ആവും ഞങ്ങൾ. പ്ലീസ് തിരിച്ചുവരിക. ഞങ്ങളെ രക്ഷിക്കുക.. നിങ്ങൾ സിനിമ ചെയ്‌ത്‌ കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു.. കേരളം മുഴുവൻ കൂടെയുണ്ട്. സിനിമ ചെയ്തേ പറ്റു..’, ഹരീഷ് പേരടി കുറിച്ചു.