‘ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ, ഗെറ്റ് സെറ്റ് ബേബി! നായിക നിഖില വിമൽ..’ – പ്രഖ്യാപനവുമായി താരം

മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ എന്ന നടന്റെ സിനിമകളുടെ അപ്ഡേറ്റുകൾ മലയാളി പ്രേക്ഷകർ ഏറെ ശ്രദ്ധിക്കാറുണ്ട്. ഇതിനോടകം മൂന്ന് പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദിന്റെ ഗന്ധർവ ജൂനിയർ, ഹനീഫ് അദാനിയുടെ മാർക്കോ എന്നീ സിനിമകളാണ് ഉണ്ണി മുകുന്ദൻ അന്നൗൻസ് ചെയ്തിരിക്കുന്നത്.

മാളികപ്പുറം പോലെ ഒരു ഫാമിലി എന്റെർറ്റൈനെർ ചിത്രവും പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഉണ്ണി മുകുന്ദൻ തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം ഇപ്പോൾ നടത്തിയിരിക്കുന്നത്. കിളിപോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് ഉണ്ണി മുകുന്ദൻ പുതിയ സിനിമ അന്നൗൻസ് ചെയ്തിരിക്കുകയാണ്.

ഒരു ഐവിഎഫ് സ്പെഷ്യലിസ്റ്റായ ഗൈനക്കോളജിസ്റ്റ് ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ നടത്തുന്ന വഴികളും രസകരമായി രീതിയിൽ കാണിക്കാനാണ് ശ്രമം. സാമൂഹികപ്രസക്തിയുള്ള ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആയിരിക്കും സിനിമയെന്ന് അണിയറപ്രവർത്തകർ ഉറപ്പ് നൽകുന്നു. മേപ്പടിയാൻ, മാളികപ്പുറം തുടങ്ങിയ ഉണ്ണിയുടെ കുടുംബ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില വിമലാണ്.

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽഎൽപി എന്നിവയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അനൂപ് രവീന്ദ്രനും വൈ.വി രാജേഷും ചേർന്നാണ്. സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം, സാം സിഎസാണ് സംഗീത സംവിധാനം. സമീറ സനീഷാണ് വസ്ത്രാലങ്കാരം. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കും.