‘ഇനി മഹാകവി വള്ളത്തോളിനെയും സംഘി ആക്കുമോ, എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..’ – ഹരീഷ് പേരടി

ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഒരു അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയേറെ ചർച്ചകൾ നടക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഒരു കൂട്ടർ അനുകൂലിക്കുകയും മറ്റൊരു കൂട്ടർ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. നടൻ ഹരീഷ് പേരടിയും ഈ കാര്യത്തിൽ തന്റെ നിലപാട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

“ഭാരതമെന്ന പേര് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം കേരളം എന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ..” ഇത് ചൊല്ലിയത് മഹാകവി വള്ളത്തോൾ ആണ്. ഇനി ഈ മഹാകവിയെയും കാലം സംഘിയാക്കുമോ.. ബോംബെയ്ക്ക് മുംബൈ ആവാം, മദ്രാസിന് ചെന്നൈ ആവാം.. പക്ഷേ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രെ.. ഭരത് അവാർഡ് നിർത്തിയതിന് ശേഷം നാഷണൽ അവാർഡ് കിട്ടിയ നടൻമാരൊക്കെ ജാതിമതഭേദമന്യേ അവരുടെ പേരിന് മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു.

നാളെ മുതൽ അവരെ ഒക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടി വരുമോ? വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്, രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദം ഇല്ലാതിരിക്കുമോ.. അങ്ങനെ ആണെങ്കിൽ അത് ജനാധിപത്യമാവില്ല. കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്. ഭാരതം ഒട്ടും മോശപ്പെട്ട പേരുമല്ല.

ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതും ആണ്. എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്..”, ഹരീഷ് പേരടി ഫേസ്‍ബുക്കിൽ കുറിച്ചു. അങ്ങനെയാണെങ്കിൽ ഇന്ത്യ എന്ന പേരുള്ള എല്ലാ സ്ഥാപനത്തിന്റെയും പേര് മാറ്റേണ്ടി വരുമല്ലോ എന്നാണ് ചിലർ കമന്റിലൂടെ ചോദിക്കുന്നത്. ‘തീർച്ചയായും.. രാഷ്ടിയ പാർട്ടികൾ മുന്നണികൾ മാറുന്നതിനേക്കാൾ എളുപ്പമാണ്..’ ആണെന്ന് ഹരീഷ് മറുപടിയും കൊടുത്തിട്ടുണ്ട്.