‘രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ ഒരുപാട്‌ പുറകോട്ട്‌ പോവും..’ – പ്രതികരിച്ച് ഒമർ ലുലു

ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു അഭ്യൂഹത്തിന്റെ പുറത്താണ് ഇത്രത്തോളം ചർച്ചകൾ നടക്കുന്നത്. ഭാരതം എന്ന പേരിൽ മാത്രമാക്കാൻ കേന്ദ്ര സർക്കാർ പ്രമേയം കൊണ്ടുവരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ അതുമായി ബന്ധപ്പെട്ട് യാതൊരു പ്രസ്താവനയും കേന്ദ്രസർക്കാർ ഇതുവരെ ഇറക്കിയിട്ടില്ല.

മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരും ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. നടൻ ഉണ്ണി മുകുന്ദൻ, ഹരീഷ് പേരടി എന്നിവർ പേര് മാറ്റുന്നതിനോട് അനുകൂലിച്ചപ്പോൾ സംവിധായകനായ ഒമർ ലുലുവിന് മറ്റൊരു അഭിപ്രായമായിരുന്നു ഉള്ളത്. ഒമർ തന്റെ അഭിപ്രായം ഫേസ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പേര് മാറ്റിയാൽ പല തലത്തിലും അത് പിറകോട്ട് കൊണ്ടുപോകുമെന്നാണ് ഒമറിന്റെ അഭിപ്രായം.

“ഒരു സംസ്ഥാനത്തിന്റെയോ സ്ഥലത്തിന്റെയോ പേര് മാറ്റുന്നതുപോലെ അല്ല രാജ്യത്തിന്റെ പേര് മാറ്റുന്നത്. അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ വ്യവസായ തലത്തിൽ എന്നല്ല എല്ലാ തലത്തിലും നമ്മൾ ഒരുപാട്‌ പുറകോട്ടുപോവും.. ഐ ലവ് മൈ ഇന്ത്യ.. ഒരു ഇന്ത്യക്കാരൻ എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു..”, ഒമർ ലുലു ഈ വിഷയമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം അറിയിച്ചു.

ഒമറിന്റെ അഭിപ്രായം തന്നെയാണ് കമന്റ് ബോക്സിലുള്ള ഭൂരിഭാഗം പേർക്കുമുള്ളത്. എന്നാൽ അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കൂടുതൽ കരുത് ആർച്ഛിക്കുന്ന പുതിയ ഭാരതത്തെ നമുക്ക് കാണാമെന്നും ഭാരതം എന്ന് പേരിനെ അനുകൂലിച്ച് കുറച്ച് പേരും കമന്റ് ഇട്ടിട്ടുണ്ട്. ഈ രണ്ടു പേരും ഇപ്പോൾ ഉപയോഗിക്കുന്നുണ്ടല്ലോ പേരിൽ അല്ല കാര്യം, രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും ഒരു കൂട്ടർക്ക് അഭിപ്രായമുണ്ട്.